നായകൻ കേജ്‌രിവാളിന് അടിതെറ്റി, പടത്തലവന്‍ സിസോദിയയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. കോണ്‍ഗ്രസിന്‍റെ അടിവേരിളക്കി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ ആംആദ്മിക്ക് ഇത്തവണ നിലംതൊടാനായില്ല. ഒരുപതിറ്റാണ്ടോളം നീണ്ട എ.എ.പി ഭരണത്തിന് വിരാമിട്ടുകൊണ്ട് ഡല്‍ഹിയില്‍ വീണ്ടും താമര വിരിഞ്ഞു. അരവിന്ദ് കേജ്‌രിവാളിന്‍റെയും ആപ്പിന്‍റെ ആധിപത്യം തകര്‍ത്ത് മോദിയുടെ ബിജെപി തലസ്ഥാനം പിടിച്ചടക്കി.
27 വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് ബിജെപിയുടെ വന്‍ തിരിച്ചുവരവ്. 2015 ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബി.ജെ.പി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്നത് മാജിക്ക് നമ്പറുമായിട്ടാണ്. എട്ടില്‍ നിന്ന് 48 ലേക്കുള്ള കുതിപ്പ്. ബി.ജെ.പിയുടെ പൊളിറ്റികല്‍ അറ്റാക്കിന് മുന്നില്‍ എ.എ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. അഴിമതിക്കെതിരെ ചൂലുമായി രാഷ്ട്രീയ ഗോദയിലിറങ്ങിയ കേജ്‌രിവാളിനെ അതേ അഴിമതിക്കുരുക്കിട്ട് പിടിച്ചു ബിജെപി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബി.ജെ.പിയുടെ അപരാജിത കുതിപ്പാണ് ഡല്‍ഹിയിൽ കണ്ടത്.
ഫ്രീബി പൊളിറ്റിക്സും മധ്യവര്‍ഗവും പിന്തുണ ആവര്‍ത്തിക്കുമെന്ന ആം ആദ്മി പ്രതീക്ഷകള്‍ തെറ്റി. ബി.ജെ.പിയുടെ ശമ്പളപരിഷ്കരണവും ബജറ്റിലെ പ്രഖ്യാപനങ്ങളും ലക്ഷ്യം കണ്ടു. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനം വെറുതെയായില്ല. ബജറ്റിലൂടെ ബി.ജെ.പി അടിച്ചുകയറി. 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട. ബജറ്റിലെ ഈ ചരിത്രപ്രഖ്യാപനം ഉണ്ടാക്കിയ ചലനം ബി.ജെ.പിക്ക് വോട്ടായി മാറി.
മദ്യനയക്കേസിൽ അരവിന്ദ് കേജ്‌രിവാള്‍ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിലായതും ആംആദ്മിക്ക് തിരിച്ചടിയായി. ഇന്ത്യ സഖ്യത്തിലെ ഭിന്നതയും, കോണ്‍ഗ്രസും ആപ്പും രണ്ടായി മല്‍സരിച്ചതും ബിജെപിക്ക് മുതല്‍ക്കൂട്ടും. പ്രതാപം വീണ്ടെടുക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിനാകട്ടെ കുറച്ചു ശതമാനക്കണക്ക് മാത്രം ബാക്കി. അധികാരമില്ലാത്ത കാലത്ത് ചൂലിന്‍റേയും കേജ്‌രിവാളിന്‍റേയും ആപ്പിന്‍റേയും നിയോഗമെന്താണെന്നാണ് ഇനിയറിയേണ്ടത്.