wedding-hand
  • രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകാവുന്ന ജനിതക വൈകല്യങ്ങളും രോഗങ്ങളും ഒഴിവാക്കാമെന്നിരിക്കെ ആചാരമാണെന്നത് കൊണ്ട് മാത്രം ഇത്തരം വിവാഹത്തിന് അനുമതി നല്‍കുന്നത് ഒഴിവാക്കാന്‍ കഴിയില്ലേ എന്നായിരുന്നു ഹര്‍ജിയില്‍

ഉറ്റബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബഞ്ചാണ് കോടതിക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഇത്തരം വിവാഹങ്ങളുടെ കാര്യത്തില്‍ സമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട്  നിയമനിര്‍മാണം നടത്തേണ്ടത്  നിയമനിര്‍മാണ വകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ബെംഗളൂരുവില്‍ നിന്നുള്ള ചര്‍വി എന്ന നിയമവിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകാവുന്ന ജനിതക വൈകല്യങ്ങളും രോഗങ്ങളും ഒഴിവാക്കാമെന്നിരിക്കെ ആചാരമാണെന്നത് കൊണ്ട് മാത്രം ഇത്തരം വിവാഹത്തിന് അനുമതി നല്‍കുന്നതിനെ കോടതി ഇനിയും പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ടോ എന്ന് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരി ബോധിപ്പിച്ചത്.

'ഇക്കാര്യത്തില്‍ അനുകൂലമായ നിയമനിര്‍മാണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം തേടുന്നുവെന്നും  വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ രൂപരേഖ തയാറാക്കിയുള്ള ബോധവല്‍ക്കരണം നടത്തുന്നത് ആലോചിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. 

സമീപകാലത്ത് പുറത്തുവന്ന മെഡിക്കല്‍  പഠനങ്ങളില്‍ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളില്‍ കൂടുതലായും ഹോമോസൈഗോസിറ്റി കണ്ടുവരുന്നുവെന്നും ഇത് ജനിതക രോഗങ്ങള്‍ക്കും ജന്‍മനായുള്ള അവയവ വൈകല്യങ്ങള്‍ക്കും, കാഴ്ചക്കുറവും, കേള്‍വിക്കുറവും പോലെയുള്ള ഇന്ദ്രിയ വൈകല്യങ്ങള്‍ക്കും വികാസ വൈകല്യങ്ങള്‍ക്കും ശിശുമരണത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൂടുതലായി അവബോധം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇത്തരം വിവാഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.  ഗ്രാമീണ മേഖലകളിലാണ് ഇത്തരം വിവാഹം കൂടുതലായി പ്രോല്‍സാഹിപ്പിക്കപ്പെടുന്നതെന്നും ഹര്‍ജിയില്‍  ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

എന്നാല്‍ വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും വ്യക്തികളാണ് ഇതില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.നേരത്തെ ഇങ്ങനെയുള്ള വിവാഹബന്ധത്തിലുണ്ടായ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിലും ഇതേ നിലപാടായിരുന്നുവെന്നും കോടതി പറഞ്ഞു. 

ഒരേ കുടുംബത്തിനുള്ളില്‍ നിന്നുമുള്ള വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും 40 ശതമാനത്തോളം കാഴ്ച വൈകല്യം തനിക്കുണ്ടെന്നും ഇത് അനുഭവിക്കേണ്ടി വന്നത് ഇങ്ങനെയൊരു ആചാരമുള്ളത് കൊണ്ട് മാത്രമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. അതുകൊണ്ട് ഹിന്ദു വിവാഹ നിയമത്തിലെ നാലും അഞ്ചും സെക്ഷന്‍ പ്രകാരം  രക്തബന്ധങ്ങള്‍ക്കിടയിലെയോ, സപിണ്ഡ ബന്ധത്തിലെയോ വിവാഹങ്ങള്‍ മതിയായ ആരോഗ്യപരിരക്ഷകളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത്തരം വിവാഹത്തിന് തീരുമാനിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്, ഭാവി തലമുറയ്ക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്നും സര്‍ട്ടിഫിക്കറ്റുള്‍പ്പടെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അല്ലാതെ ഇത്തരം വിവാഹങ്ങള്‍ നടന്നാല്‍ അത് ഭരണഘടനയിലെ 14,21 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

The Supreme Court of India has asked the Central Government to consider introducing legislation to regulate or prohibit marriages between close blood relatives, citing concerns over genetic disorders and congenital health conditions in children born from such unions. A bench comprising Chief Justice Surya Kant and Justices Joymalya Bagchi and V. Mohana made the observation while hearing a petition filed by Charvi, a law student from Bengaluru. The petitioner argued that such marriages could increase the risk of genetic diseases, birth defects, visual and hearing impairments, developmental disorders and infant mortality, and sought mandatory counselling and health awareness measures before marriage