Image Credit:PTI/x
ഫോട്ടോ പതിച്ച വോട്ടര്‍ ഐഡിയോ പാന്‍ കാര്‍ഡുകളോ ഉള്ളത് കൊണ്ടുമാത്രം ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഇത്തരം കാര്‍ഡുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഔദ്യോഗികമായ പരിശോധന നടക്കാത്തവയാണെന്നും കോടതി പറയുന്നു. വിദേശി നിയമപ്രകാരം കേസെടുക്കുന്നതില്‍ നിന്ന് സംരക്ഷണം നല്കാന് ഈ രേഖകള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരാള്‍ വിദേശിയെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ ഓര്‍ഡര്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ വിധി. താന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ഹര്ജിക്കാരന് പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും ഹാജരാക്കിയെങ്കിലും ഇതൊന്നും ഇന്ത്യന്‍ പൂര്‍വികരെ തിരിച്ചറിയാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.
സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ടാക്സ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായി നല്കുന്ന രേഖയാണ് പാന്‍ കാര്‍ഡെന്നും ഇത് തിരിച്ചറിയല്‍ രേഖയല്ലെന്നും കോടതി പറയുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഒരു ഡിജിറ്റല്‍ പ്രിന്റൗട്ടുകളും പൗരത്വം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി.
1946 ലെ ഫോറിനേഴ്സ് ആക്ട് അനുസരിച്ച് പൗരത്വം തെളിയിക്കേണ്ട ബാധ്യത പൂര്‍ണമായും വ്യക്തിയിലാണ്. ഭൂമിയുടെ രേഖകള്‍, റജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന സര്‍ട്ടിഫിക്കേറ്റ്, ചരിത്രപരമായ രേഖകള്‍ തുടങ്ങിയവ മാത്രമാണ് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള ഔദ്യോഗിക മാര്‍ഗങ്ങളെന്നും ഗുവാഹത്തി കോടതി പറഞ്ഞു.