ചീഫ് ജസ്റ്റിസ്  സൂര്യ കാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചതില്‍ കെപിസിസിക്ക് കോടതി അലക്ഷ്യ നോട്ടിസ് അയച്ച് സുപ്രിം കോടതി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കോടതി  വ്യക്തമാക്കി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിനിടെ നടന്ന ഡല്‍ഹി പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 12ന് കെപിസിസിയുടെ ഒഫിഷ്യല്‍ എക്സ് ഹാന്‍ഡിലുകളില്‍ പങ്കുവെച്ച പോസ്റ്റാണ് കേസിനാധാരം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് രാജിവെക്കൂ എന്ന പറയുന്ന ഉള്ളടക്കമുള്ള പോസ്റ്റ് വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് നീക്കം ചെയ്തിരുന്നു. 

ഭരണഘടനയാണ് ഏറ്റവും വലുതെന്നും,   വ്യക്തിയോ രാഷ്ട്രീയ സംഘടനയോ അതിന് അതീതരല്ലെന്നും കോടതി ഓർമിപ്പിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ സൗകര്യങ്ങളുടെ പ്രശ്നമല്ല. ജുഡീഷ്യൽ സംയമനത്തെ  ദൗർബല്യമായി ആരും തെറ്റിധരിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി അമിക്കസ് ക്യൂറിയേയും കോടതി നിയമിച്ചിട്ടുണ്ട്. 

കേസ് പരിഗണിക്കുന്നതിനിടെയില്‍ കെപിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സുപ്രിം കോടതി മാപ്പ് സ്വീകരിക്കാൻ തയാറായില്ല. പാർട്ടി നേതൃത്വത്തിന്‍റെ അനുമതിയോ അറിവോ ഇല്ലാതെയാണ് പാർട്ടി പ്രവർത്തകൻ ഈ പോസ്റ്റ് ഇട്ടതെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുകയും, പാർട്ടി നിരുപാധികം മാപ്പ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു പോസ്റ്റ് ഒരിക്കലും പാടില്ലായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ENGLISH SUMMARY:

The Supreme Court of India issued a contempt notice to the Kerala Pradesh Congress Committee (KPCC) over an offensive post shared against Chief Justice Surya Kant on its official X handle. A bench comprising Justices Arvind Kumar and Vipul M. Pancholi sternly warned that any attempt to threaten or infringe upon judicial independence would be met with an iron fist. Although the lawyer representing KPCC tendered an unconditional apology and stated that the responsible worker was removed from duties, the apex court refused to accept the apology at this stage. Emphasizing that no individual or political organization is above the Constitution, the court also appointed an amicus curiae to examine the matter further.