കെപിസിസി പ്രസിഡന്റ് പദവിയില്‍ ആരെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ മുറുകുമ്പോള്‍ മന്ത്രിസഭാപുനസംഘടനയ്ക്കും അതിലൂടെ കോഴിക്കോടിന് ഒരു മന്ത്രിസ്ഥാനവും ലഭിക്കാനുള്ള സാധ്യതയേറി. ചരിത്രത്തിലാദ്യമായി ജില്ലയില്‍ നിന്ന് 12 എംഎല്‍എമാര്‍ ജയിച്ചുകയറിയിട്ടും ഒരു മന്ത്രിയെ നല്‍കാത്തത് പാര്‍ട്ടിയിലും മുന്നണിയിലും സജീവ ചര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞാണ് ഒരാളെ ഉള്‍പ്പെടുത്താനുള്ള നീക്കം. എന്നാല്‍ അതാര്‍ക്ക് നറുക്കുവീഴുമെന്ന് വ്യക്തമല്ല.
കെപിസിസി പ്രസിഡന്റ് പദവിയിലേയ്ക്ക് നിലവിലെ റവന്യൂമന്ത്രിയായ എ.പി.അനില്‍കുമാറിനെയാണ് പ്രധാനമായും പറഞ്ഞു കേള്‍ക്കുന്നത്. മലബാറില്‍ നിന്നുള്ള സണ്ണി ജോസഫിന് പകരം വടക്കന്‍ കേരളത്തില്‍ നിന്ന് തന്നെയുള്ള മറ്റൊരു പ്രധാന നേതാവിന് താലം കൈമാറുമ്പോള്‍ മന്ത്രിസഭയിലും പുനസംഘടന ഉണ്ടാകുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എപി അനില്‍കുമാര്‍ റവന്യൂമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ പകരം വരുന്ന ആള്‍ക്ക് നേരിട്ട് റവന്യൂവകുപ്പ് നല്കാന് കഴിയില്ല. അതിനാല്‍ മറ്റു മന്ത്രിമാരുടെ വകുപ്പിലും അനുബന്ധ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടി വരും.
എന്നാല്‍ പുതിയ മന്ത്രിയാരെന്ന കാര്യത്തില്‍ ആര്‍ക്കും സൂചനയില്ല. അങ്ങനെയൊരു പുതിയ മന്ത്രിക്ക് സാധ്യതയുണ്ടെങ്കില്‍ അത് കോഴിക്കോടിനാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. 13ല്‍ 12 ഉം ജയിച്ചിട്ടും ജില്ലയ്ക്ക് മന്ത്രിയെ നല്‍കാത്തതിലെ അതൃപ്തി പാര്‍ട്ടിയും മുന്നണിയും നേതൃത്വത്തെ ധരിപ്പിച്ചപ്പോള്‍ മുന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആയ ടി.സിദ്ദീഖ് ആണ് ജില്ലയുടെ മന്ത്രി എന്ന് അന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ പുതിയൊരു മന്ത്രിക്ക് സാധ്യതയുണ്ടെങ്കില്‍ പഴയ വാദം തന്നെ ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കും കഴിയില്ല.
പട്ടികയില്‍ മൂന്ന് പേരാണുള്ളത്. ഡിസിസി പ്രസിഡന്റ് പദവിയില്‍ കഴിവു തെളിയിച്ച കെ. പ്രവീണ്‍ കുമാറിന് സാധ്യതയേറെയാണെങ്കിലും സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മറ്റു പേരുകളിലേയ്ക്ക് നേതൃത്വം നീങ്ങും. അങ്ങനെയെങ്കില്‍ ഇടതുകോട്ടയായ കോഴിക്കോട് നോര്‍ത്ത് പിടിച്ചെടുത്ത കെ. ജയന്തിന് സാധ്യതയേറെയാണ്. എലത്തൂരില്‍ നിന്ന് വിജയക്കൊടി പാറിച്ച ജില്ലയിലെ ഏക കോണ്‍ഗ്രസ് വനിതാ എംഎല്‍എ എന്ന പരിഗണന വിദ്യാ ബാലകൃഷ്ണനും ഉണ്ട്. ഏതായാലും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ആദ്യം തീരുമാനം വരട്ടെയെന്ന നിലപാടിലാണ് ജില്ലയിലെ പാര്‍ട്ടിയും മുന്നണിയും.