tukaram-mundhe

ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികളിലൂടെയാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) കമ്മിഷണര്‍ തുക്കാരാം മുണ്ടെ വീണ്ടും വാർത്തകളിൽ നിറയുന്നത്. എന്നാല്‍ ഇപ്പോളിതാ എഫ്ഡിഎയുടെ നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോംബെ ഹൈക്കോടതി. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) കോംപ്ലക്സിലെ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കിയതിലും സിപ്ല ഫാർമയ്ക്കെതിരായ നടപടിയിലും എഫ്.ഡി.എ കാണിച്ച അമിതാവേശത്തെയും നടപടികളെയുമാണ് കോടതി ചോദ്യം ചെയ്തത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പരിസരത്തെ ഭക്ഷണശാലകള്‍ക്കെതിരായ നടപടിയില്‍ നിയമം നോക്കാതെ ഉത്തരവുകൾ പുറപ്പെടുവിച്ച് അനാവശ്യ തിടുക്കം കാട്ടിയതായി കോടതി നിരീക്ഷിച്ചു. എന്തും ചെയ്യാന്‍ കഴിയുന്ന ദൈവമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നാണ് കോടതി എഫ്.ഡി.എയോട് ചോദിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുകെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഫ്ഡിഎ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചു, ലൈസൻസ് വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് എം.സി.എ കോംപ്ലക്സിലെ അഞ്ച് റെസ്റ്റോറന്റുകളുടെ പ്രവർത്തനം എഫ്.ഡി.എ തടഞ്ഞത്. ഇതിനെതിരെ എം.സി.എ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പുതിയ പരിശോധനയിൽ ഈ ഭക്ഷണശാലകൾ 88% സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നാൽ ലൈസൻസ് എം.സി.എയുടെ പേരിലായതിനാൽ 'മെസ്സേഴ്സ് ഷിർക്കെ ഇൻഫ്രാസ്ട്രക്ചർ' എന്ന മൂന്നാം കക്ഷി സ്ഥാപനം ഇത് നടത്താൻ പാടില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് എഫ്ഡിഎ വിലക്ക് തുടരുകയായിരുന്നു.

എന്നാല്‍ എഫ്.ഡി.എ വിഷയം പ്രായോഗികമായി സമീപിക്കുന്നതിന് പകരം അനാവശ്യമായ കാർക്കശ്യം കാണിക്കുകയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ‘കൊതുകിനെ കൊല്ലാൻ വാളെടുക്കരുത്’ എന്നും കോടതി വിമര്‍ശിച്ചു. മുൻപ് കേസ് പരിഗണിച്ചപ്പോൾ തന്നെ കാര്യങ്ങൾ കൃത്യമായി പഠിച്ച് പ്രായോഗികമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ എഫ്.ഡി.എ കോടതി ഉത്തരവ് ലംഘിക്കുകയാണ് ചെയ്തതെന്ന് ബെഞ്ച് വ്യക്തമാക്കി. ‘വകുപ്പിനെയും ഉദ്യോഗസ്ഥരെയും ശാസിച്ചു മടുത്തു. ഇനി കടുപ്പമേറിയ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ട സമയമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. അവർ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തട്ടെ, അല്ലെങ്കിൽ ജയിലിൽ പോകട്ടെ’ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കോടതിയുടെ വിമർശനത്തെ തുടർന്ന് റെസ്റ്റോറന്റുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത ഉത്തരവ് മഹാരാഷ്ട്ര എഫ്.ഡി.എ പിൻവലിക്കുകയും സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ അനുമതി നൽകുകയും ചെയ്തു. എം.സി.എക്ക് പുതിയ നോട്ടിസ് നൽകി, അവരുടെ കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാദം കേട്ട ശേഷം നിയമാനുസൃതമായ തീരുമാനമെടുക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിലവിൽ റെസ്റ്റോറന്റുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ അവ ഉടനടി തുറന്നു പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

പുണെയിലെ സിപ്ല ഫഹിലിറ്റിയുടെ മരുന്ന് വിൽപന ലൈസൻസ് റദ്ദാക്കിയ നടപടിയും കോടതി വിമർശിച്ചു. സ്വാഭാവിക നടപടികള്‍ പാലിക്കാതെ പൊതു അവധി ദിവസത്തിൽ നോട്ടിസ് അയച്ചാണ് എഫ്.ഡി.എ നടപടിയെടുത്തത് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. പിന്നാലെ സിപ്ലയുടെ ലൈസൻസ് റദ്ദാക്കിയ ഉത്തരവും എഫ്.ഡി.എ പിൻവലിച്ചു.

ENGLISH SUMMARY:

The Bombay High Court severely reprimanded the Maharashtra Food and Drug Administration (FDA), led by Commissioner Tukaram Mundhe, for its high-handedness in suspending the licenses of MCA complex restaurants and a Cipla pharma facility. A division bench of Acting Chief Justice Ravindra Ghuge and Justice Gautam Ankhad criticized the FDA for excessive harshness, warning officers of contempt proceedings and potential jail terms. Following the court's strong intervention, the FDA revoked its suspension orders for both the Mumbai Cricket Association complex eateries and the Cipla unit, allowing them to resume operations immediately.