child-handover-image

Ai Generated Image

അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് അമ്മ. മഹാരാഷ്ട്രയിലെ മാലേഗാവോണിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അമ്മയായ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. പിന്നീട് ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജൂലൈയിലാണ് പ്രതി കുഞ്ഞിന് ജന്മം നല്‍കിയത്. അധികം വൈകാതെ തന്നെ യുവതി കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. 

മുംബൈയിലെ ധാരാവി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുട്ടികളെ കടത്തുന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനിടെ ഫർസാനയുടെ പ്രസവവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിന് ലഭിക്കുകയും, അത് സംശയത്തിന് ഇടയാക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സംഘം മാലേഗാവോണിലെത്തി സ്ത്രീയെ വിശദമായി ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിനിടെ, അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി സമ്മതിക്കുകയുമായിരുന്നു. ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പൊലീസ് സ്ത്രീയെ അറസ്റ്റ് ചെയ്യുകയും മറ്റ് നാല് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. 

വിറ്റ നവജാതശിശുവിനായുള്ള തിരച്ചിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ, നവജാതശിശുക്കളെ അനധികൃതമായി കടത്തുയും വില്‍ക്കുകയും ചെയ്യുന്ന വലിയ ശൃംഖല ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ഈ സംഘത്തിന് തമിഴ്‌നാട് വരെ ബന്ധങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ENGLISH SUMMARY:

A mother named Farzana Chand Shaikh was arrested in Malegaon, Maharashtra, for selling her five-day-old newborn baby for 70,000 rupees. The incident came to light during an investigation into a child trafficking case registered at Mumbai's Dharavi police station, pointing to a larger trafficking network with suspected links stretching to Tamil Nadu.