കേസുകളില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും തമാശകള്‍ക്കുമെല്ലാം സുപ്രീം കോടതി പതിവായി വേദിയാകാറുണ്ട്. എന്നാല്‍ അപൂര്‍വ്വമായ വൈകാരിക രംഗത്തിനാണ് സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. തന്‍റെ ഹര്‍ജിയില്‍ നേരിട്ട് ഹാജരായ ഹൈദരാബാദ് സ്വദേശിനി താലിമാല ഊരി ചീഫ് ജസ്റ്റിസിനോട് അപേക്ഷിച്ചപ്പോള്‍ കോടതിയാകെ അമ്പരന്നു.
സഹാറ ഇന്ത്യ കമ്പനിയുടെ ഭൂസ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍. സ്ഥലത്തിനായി വർഷങ്ങളായി നടക്കുന്ന നിയമ വ്യവഹാരം തന്റെ കുടുംബത്തെ തകർത്തെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനോട് സ്ത്രീ പറഞ്ഞത്. 'പതിനഞ്ച് വർഷമായി ഞങ്ങൾ ജീവിക്കുകയല്ല. ഞങ്ങളുടെ ജീവിതം നശിച്ചു. ഞങ്ങളുടെ കുടുംബങ്ങൾ ഒന്നടങ്കം തകർന്നു. ഞങ്ങൾ ഒരുമിച്ചാണ് ഈ അഭ്യർത്ഥന നടത്തുന്നത്, മൈ ലോർഡ്,' അവർ ബെഞ്ചിനോട് പറഞ്ഞു.
അടുത്ത തിങ്കളാഴ്ച പ്രത്യേക ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. 'നിങ്ങളുടെ വാദം കേട്ടതിനുശേഷം മാത്രമേ കേസില്‍ തീരുമാനമാകൂ. അടുത്ത തിങ്കളാഴ്ച കേസ് കേൾക്കും. പക്ഷേ നിങ്ങള്‍ പണം ചെലവിട്ട് നേരിട്ടുവരണമെന്നില്ല, ഓൺലൈനായി ഹാജരായാല്‍ മതി, യാത്ര ചെയ്ത് പണം കളയരുത് എന്നാണ് എന്റെ നിർദ്ദേശം,' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്ത്രീയോട് പറഞ്ഞു.
'ഇല്ല സാർ, ഞങ്ങൾ വരും, കാരണം ഞങ്ങളുടെ കുടുംബം മുഴുവൻ തകർന്നിരിക്കുകയാണ്. ഞങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യം പോട്ടെ, അവർക്ക് ഭക്ഷണം പോലും നൽകാൻ ഇപ്പോൾ കഴിയുന്നില്ല,' എന്നായിരുന്നു സ്ത്രീയുടെ മറുപടി.
തുടർന്ന് തന്റെ താലിമാല ഊരിമാറ്റി അവര്‍ പറഞ്ഞു, 'സാര്‍, ഇപ്പോൾ തന്റെ കഴുത്തിൽ ഒന്നും അവശേഷിക്കുന്നില്ല, ഒരു സ്ത്രീക്ക് അവളുടെ മാംഗല്യസൂത്രയേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല. ഇനി എന്റെ കഴുത്തിൽ എന്താണ് അവശേഷിക്കുന്നത് സാർ ?'
വൈകാരികമായ വാക്കുകള്‍ കേട്ട ചീഫ് ജസ്റ്റിസ് സ്ത്രീയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അടുത്ത ആഴ്ച കേസ് കേൾക്കാൻ പ്രത്യേക ബെഞ്ച് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. പട്ടികയിൽ ഏറ്റവും ആദ്യമായി കേസ് ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി.