SupremeCourtnew

TOPICS COVERED

സര്‍വ മേഖലകളിലേക്കും നിര്‍മിത ബുദ്ധി കടന്നുകയറുന്ന കാലമാണിത്. എ.ഐയുടെ ഗുണപരമായ ഉപയോഗവും ദുരുപയോഗവും ഒരുപോലെ വ്യാപകമാവുകയാണ്.  തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ  ചിത്രങ്ങളും വ്യാജ വിഡിയോകളുമെല്ലാം പ്രചരിക്കുന്നത് പതിവാണ്.  ഇപ്പോഴിതാ വ്യാജ കോടതി വിധികള്‍ സുപ്രീം കോടതിക്കുവരെ തലവേദനയാവുകയാണ്.  

കോടതി വിധികളും ഉത്തരവുകളും തയ്യാറാക്കാന്‍ എ.ഐയെ ആശ്രയിക്കരുതെന്ന് സുപ്രീം കോടതി നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  നിര്‍ദേശം ലംഘിച്ച് എ.ഐ ഉള്ളടക്കം ചേര്‍ത്ത് പുറപ്പെടുവിച്ച ഉത്തരവ് ഒടുവില്‍ സുപ്രീം കോടതിക്ക് റദ്ദാക്കേണ്ടിവന്നു.  ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ  (NCLT) പുറപ്പെടുവിച്ച ഉത്തരവാണ് കഴിഞ്ഞദിവസം സുപ്രീം കോടതി റദ്ദാക്കിയത്.  ഒന്നോ രണ്ടോ അല്ല, ആറ് എ.ഐ വ്യാജ വിധികൾ അടിസ്ഥാനമാക്കിയാണ് ട്രൈബ്യൂണൽ  ഈ ഉത്തരവ് തയ്യാറാക്കിയിരുന്നത്.

ഉദ്ധരിച്ച വിധികളിൽ മൂന്നെണ്ണം പൂര്‍ണമായും നിലവിലില്ലാത്തവയായിരുന്നു. ബാക്കി മൂന്ന് വിധികൾ യഥാർത്ഥത്തില്‍ ഉള്ളതാണെങ്കിലും, അവയിൽ ട്രൈബ്യൂണൽ പരാമർശിച്ച വാദങ്ങളോ നിയമപരമായ സന്ദർഭങ്ങളോ ഉണ്ടായിരുന്നില്ല. രണ്ട് വിധികളില്‍ നൽകിയിരുന്ന ഉദ്ധരണികൾ യഥാർത്ഥ വിധിപ്പകർപ്പുകളിൽ എവിടെയുമില്ല. ആറാമത്തെ വിധിയിലെ ഉള്ളടക്കം മറ്റൊരു കേസുമായി ബന്ധപ്പെട്ടതായിരുന്നു. അങ്ങനെ സാങ്കല്‍പ്പിക വിധി ന്യായങ്ങളാണ് എ.ഐ സൃഷ്ടിച്ചത്.  

വ്യാജ വിധികൾ മുൻനിർത്തിയുള്ള തീരുമാനങ്ങള്‍ "ഒരു തീരുമാനമേ അല്ല" എന്നാണ്  ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി പറഞ്ഞത്. ഒരു തരിമ്പ് വ്യാജമോ തെറ്റായതോ ആയ വിവരങ്ങൾ ന്യായവിധി പ്രക്രിയയിൽ കടന്നുകൂടിയാൽപ്പോലും അത്തരം ഉത്തരവുകൾ റദ്ദാക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസുമാരായ പി. എസ്.നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തങ്ങൾക്കെതിരെ ആരംഭിച്ച പാപ്പരത്ത നടപടികൾക്കെതിരെ എസ്സൽ ഇൻഫ്രാപ്രൊജക്ട്സ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലെ വാദങ്ങള്‍ തള്ളാനായാണ് ട്രൈബ്യൂണല്‍ ആറ് വ്യാജ വിധികൾ ഉപയോഗിച്ചത്. ഈ വിധികൾ ഇരുവിഭാഗത്തിന്റെയും അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തങ്ങളുടെ അഭിഭാഷകന്‍ ഈ വിധികൾ ഒന്നും ഉദ്ധരിച്ചിട്ടില്ലെന്ന് വായ്പ നൽകിയ ജമ്മു കശ്മീർ ബാങ്ക് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ട്രൈബ്യൂണല്‍ സ്വന്തം നിലയിൽ നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയതാകാം ഇതെന്നും ബാങ്ക് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു.

എൻ.സി.എൽ.ടിയുടെ ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലും (NCLAT) ഈ വിധികൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാതെ എൻ.സി.എൽ.ടി ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.

2026 ഫെബ്രുവരിയിൽ 'ഗുമ്മാടി ഉഷാ റാണി വേഴ്സസ് സുരെ മല്ലികാർജുന റാവു' എന്ന കേസിലും ഇതേ ബെഞ്ച് സമാനമായ സാഹചര്യം നേരിട്ടിരുന്നു. അന്ന് ആന്ധ്രാപ്രദേശിലെ വിചാരക്കോടതി അഭിഭാഷക കമ്മീഷണറുടെ റിപ്പോർട്ടിന്മേലുള്ള എതിർപ്പുകൾ തള്ളാൻ നാല് എ.ഐ നിർമ്മിത വ്യാജ വിധികളാണ് ഉപയോഗിച്ചത്.  ഹൈക്കോടതി ഇതിനെതിരെ 'മുന്നറിയിപ്പ്' മാത്രം നൽകി വിട്ടപ്പോൾ, സുപ്രീം കോടതി കടുത്ത നിലപാടെടുത്തു.   വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ പി. എസ് നരസിംഹയും അലോക് ആരാധെയും, വ്യാജ വിധികൾ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് കേവലം പിഴവല്ല, മറിച്ച് ഗുരുതരമായ തെറ്റാണെന്നും നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ENGLISH SUMMARY:

AI misuse in court rulings is a growing concern, leading to significant issues for the Supreme Court. The apex court has had to cancel orders based on AI-generated fake judgments, highlighting the dangers of relying on artificial intelligence for legal pronouncements.