എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ഭോപ്പാൽ വിമാനത്താവളത്തിൽ ലഗേജിലുണ്ടായിരുന്ന ആംചൂർ (മാങ്ങ ഉണക്കിപ്പൊടിച്ചത്), ഗരം മസാല എന്നിവ ലഹരിമരുന്നാണെന്ന് തെറ്റിദ്ധിരിക്കപ്പെട്ട് അറസ്റ്റിലായി 57 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്ന വ്യവസായിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭരണ സംവിധാനങ്ങളുടെ പരാജയവും അടിസ്ഥാന ഫോറൻസിക് സൗകര്യങ്ങളുടെ കുറവുമാണ് സംഭവത്തിന് കാരണമായതെന്ന് ജസ്റ്റിസ് ദീപക് ഖോട്ട് നിരീക്ഷിച്ചു. സംഭവത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യവസായിയായ അജയ് സിങ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. മൂന്ന് മാസത്തിനകം നഷ്ടപരിഹാര തുക നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2010 മെയ് 7-നാണ് കേസിനാസ്പദമായ സംഭവം. ഭോപ്പാലിൽ നിന്നും ഡൽഹി വഴി മലേഷ്യയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു അജയ് സിങ്. ബാഗിലെ ആംചൂർ പൊടിയും ഗരം മസാലയും കാരണം സുരക്ഷാ പരിശോധനയ്ക്കിടെ എക്സ്പ്ലോസീവ് ട്രേസ് ഡിറ്റക്ടർ (ETD) മെഷീനിൽ അലാറം മുഴങ്ങി. പരിശോധനയിൽ ഈ പാക്കറ്റുകളിൽ ഹെറോയിനും നിരോധിക്കപ്പെട്ട മയക്കുമരുന്നായ എം.ഡി.ഇ.എ (MDEA) യുമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംശയിച്ചു. തുടർന്ന് അജയ് സിങ്ങിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു.

പിടിച്ചെടുത്ത സാമ്പിളുകൾ ആദ്യം ഭോപ്പാലിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (RFSL) അയച്ചെങ്കിലും, ഇത്തരം പദാർത്ഥങ്ങൾ പരിശോധിക്കാനുള്ള സൗകര്യം അവിടെയില്ലെന്ന് പറഞ്ഞ് അവർ അത് തിരിച്ചയച്ചു. പിന്നീട് സാമ്പിളുകൾ ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (CFSL) അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് മസാലപ്പൊടികളിൽ ലഹരിമരുന്നിന്‍റെ അംശമില്ലെന്ന് വ്യക്തമായത്. പരിശോധനാ ഫലങ്ങൾ വരാൻ വൈകിയതിനെ തുടർന്ന് അജയ് സിങ്ങിന് 57 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. ഒടുവിൽ 2010 ജൂലൈ 2-നാണ് ഇദ്ദേഹം മോചിതനായത്.

വിദേശത്ത് നിർമ്മിക്കുന്ന ഇടിഡി മെഷീനുകള്‍ക്ക് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അത് തെറ്റായ ഫലങ്ങള്‍ക്ക് കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കോടതി നടപടികൾക്കിടയിൽ വിവിധ ബ്രാൻഡുകളുടെ മസാലപ്പൊടികൾ പരിശോധിച്ചപ്പോഴും മെഷീൻ ഇത്തരത്തിൽ തെറ്റായ അലാറം കാണിച്ചിരുന്നു. അതേസമയം, ഇത്തരം മെഷീനുകൾ പ്രാഥമികമായ സൂചനകൾ നൽകാൻ മാത്രമുള്ളതാണ്, അവ അന്തിമ തെളിവല്ലെന്നും ശാസ്ത്രീയമായ പരിശോധനകളിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

സംസ്ഥാനത്തെ ലബോറട്ടറി സംവിധാനങ്ങളുടെ കുറവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആവശ്യത്തിന് സൗകര്യങ്ങളുള്ള ഫോറൻസിക് ലാബുകൾ ഉണ്ടായിരുന്നെങ്കിൽ അജയ് സിങ്ങിന് രണ്ട് മാസത്തോളം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ മുഴുവൻ റീജിയണൽ ഫോറൻസിക് ലാബുകളും ഒരു മാസത്തിനകം പരിശോധിച്ച്, അവിടെ ആധുനിക സൗകര്യങ്ങളും വിദഗ്ധരായ ജീവനക്കാരും ഉണ്ടെന്ന് ഉറപ്പുവരുത്താൻ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പരിശോധനാ സംവിധാനങ്ങളുടെ കുറവ് മൂലം ഇനി ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടകുത് എന്ന് കോടതി ഓർമ്മിപ്പിച്ചു.

അതേസമയം, 10 കോടി രൂപ നഷ്ടപരിഹാരവും മെഷീനുകൾ വാങ്ങിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണവുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. എങ്കിലും കോടതി അത് അനുവദിച്ചില്ല. 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച കോടതി കൂടുതൽ നഷ്ടപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കാൻ ഹർജിക്കാരന് അനുമതിയും നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

The Madhya Pradesh High Court has ordered the state government to pay a compensation of ₹10 lakh to a businessman who was wrongfully incarcerated for 57 days after airport security mistook his packed Garam Masala and Amchur powder for contraband drugs. Justice Deepak Khot strictly observed that the unfortunate incident was a direct result of institutional failure and a glaring lack of basic regional forensic infrastructure to conduct immediate testing. The ordeal dates back to May 7, 2010, when Ajay Singh was arrested at Bhopal airport en route to Malaysia because a foreign-made Explosive Trace Detector (ETD) machine triggered a false alarm, confusing traditional Indian spices with heroin and MDEA. Singh was trapped in jail for nearly two months simply because the local Bhopal forensic laboratory lacked the technology to test the samples, forcing officials to wait for weeks until a conclusive clearance report arrived from the central lab in Hyderabad. While the court directed the MP Chief Secretary to upgrade all state forensic labs within a month to ensure no innocent person suffers such a fate again, it also granted the petitioner the liberty to approach a civil court for higher damages beyond the sanctioned ₹10 lakh.