Image Credit : Twitter

മധ്യപ്രദേശില്‍ കൊലക്കേസ് പ്രതിയെ വിവാഹം ചെയ്ത് ജയില്‍ ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം. സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനാണ് അവിടുത്തെ ജീവപര്യന്തം തടവുപുളളിയായ ധർമ്മേന്ദ്ര സിങ്ങിനെ വിവാഹം കഴിച്ചത്. മെയ് 5ന് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു ധർമ്മേന്ദ്ര സിങ്. അവിടെ അസിസ്റ്റന്റ് സൂപ്രണ്ടായി എത്തിയതാണ് ഫിറോസ ഖാത്തൂന്‍. 2007ല്‍ ഒരു കൗൺസിലറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് ധർമ്മേന്ദ്ര സിങ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ജയിലിൽ വാറണ്ട് ഇൻ-ചാർജ് ആയി ജോലി ചെയ്തിരുന്ന ഫിറോസയുമായി ധർമ്മേന്ദ്ര നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. പരിചയം പിന്നീട് സൗഹൃദമായി മാറി. ആ സൗഹൃദം പിന്നീട് ശക്തമായ പ്രണയവുമായി മാറുകയായിരുന്നു.

ഏകദേശം 14 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ധർമ്മേന്ദ്ര നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ നാല് വർഷം മുന്‍പ്  ജയില്‍ മോചിതനായി. തുടര്‍ന്ന് ഇരുവരും തങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഫിറോസയുടെ കുടുംബാംഗങ്ങൾ ഈ വിവാഹത്തിന് സമ്മതിക്കുകയോ പിന്തുണ നല്‍കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് ഫിറോസ സ്വന്തം ഇഷ്ടത്തിന് വിവാഹം നടത്തുകയായിരുന്നു. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയുമാണ് ഫിറോസയുടെ കന്യാദാനം നടത്തിക്കൊടുത്തത്. വിവാഹത്തില്‍ ജയില്‍ അധികൃതരും മറ്റും പങ്കെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ENGLISH SUMMARY:

Jail officer marries inmate in a surprising turn of events in Madhya Pradesh. The assistant superintendent of Satna Central Jail, Firoza Khatoon, married Dharmendra Singh, who was serving a life sentence for murder.