manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ - 1

അതിജീവിതകള്‍ക്ക് 24 ആഴ്ച കഴിഞ്ഞും ഗർഭഛിദ്രം നടത്താമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ കത്തോലിക്ക സഭ. നീക്കം പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ ഇല്ലാതാക്കലും കൊലപാതകവുമാണ്. ഗർഭഛിദ്രം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എയിംസിനോടും ഡോക്ടർമാരോടും സിബിസിഐ അഭ്യർത്ഥിച്ചു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്ക് സഭാ സ്ഥാപനങ്ങൾ വഴി സംരക്ഷണം നല്‍കുമെന്നും ഉറപ്പ്.

 

15 കാരിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം ഒഴിവാക്കാന്‍ അനുമതി നല്‍കിയ വിധി  നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി എയിംസിനും എതിരായ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. 

 

അതിജീവിതകള്‍ക്ക്  24 ആഴ്ച കഴിഞ്ഞും ഗർഭചിത്രം നടത്താം. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് സിബിസിഐ നിലപാട്.  പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾ നേരിടുന്ന സാഹചര്യങ്ങളെ മാനുഷിക അനുകമ്പയോടെ കാണുന്നുണ്ടെങ്കിലും, ഇക്കാരണത്താല്‍ കുഞ്ഞിന്റെ ജീവനെടുക്കുന്നത് ന്യായീകരിക്കാനാകില്ല. 30 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് പൂർണ്ണ വളർച്ചയെത്തിയ അവയവങ്ങളും നാഡീവ്യൂഹവും വേദന അറിയാനുള്ള ശേഷിയും ഉള്ളതിനാൽ നിയമപരമായ സംരക്ഷണം അർഹിക്കുന്നു. ജീവൻ സംരക്ഷിക്കുന്നത്  ഒരു മതത്തിന്റെ മാത്രം ആവശ്യമല്ലെന്നും ഇന്ത്യയുടെ പൊതു പൈതൃകമാണെന്നും സിബിസിഐ കൂട്ടിച്ചേർത്തു. 

 

ഗർഭച്ഛിദ്രം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എയിംസിനോടും ഡോക്ടർമാരോടും സഭ അഭ്യർത്ഥിച്ചു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്കും സമാനമായ പ്രതിസന്ധി നേരിടുന്ന എല്ലാവർക്കും സഭയുടെ കീഴിലുള്ള ആശുപത്രികൾ, മാതൃമന്ദിരങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സംരക്ഷണം നൽകാൻ  തയ്യാറെന്നും സിബിസിഐ വ്യക്തമാക്കി.

ENGLISH SUMMARY:

Supreme Court's new guidelines on abortion are being challenged by the Catholic Church in India. The church believes that abortions beyond 24 weeks, especially when the fetus is fully developed, are akin to murder and goes against their religious beliefs.