thrissur-elephant-attack-irinjalakuda-mahout-death

കേരളത്തെ നടുക്കി വീണ്ടും ആനയുടെ ആക്രമണം. അങ്കമാലിയിൽ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ, തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീകുട്ടൻ (25) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ആശുപത്രിയിൽ ചികിത്സയിലാണ്.

കൂടൽമാണിക്യം ദേവസ്വം പറമ്പിൽ തളച്ചിരുന്ന വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്. ഇന്ന് ഉച്ചയോടെ ആനയ്ക്ക് വെള്ളവും പട്ടയും നൽകാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാൻമാർക്ക് നേരെ ആക്രമണമുണ്ടായത്.

കാശിനാഥൻ കഴിഞ്ഞ ദിവസവും ഉത്സവത്തിനിടെ ഇടഞ്ഞിരുന്നതായാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസവും രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെ ആന പരിഭ്രാന്തി സൃഷ്ടിക്കുകയും കൂടെയുണ്ടായിരുന്ന രണ്ടുപേരെ തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയും ചെയ്തിരുന്നു. അന്ന് പാപ്പാൻമാർ സമയോചിതമായി ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് ആനയെ ദേവസ്വം പറമ്പിലെ ഷെഡിൽ കൊണ്ടുപോയി തളയ്ക്കുകയായിരുന്നു. Read More: കിടങ്ങൂരിൽ ഭീതി വിതച്ച ആനയെ മയക്കുവെടിവച്ചു; ഇടഞ്ഞത് കൊമ്പന്‍ മയ്യനാട് പാര്‍ഥസാരഥി

എന്നാൽ ഇന്ന് ഉച്ചയോടെ ഷെഡ് തകർത്ത ആന, അരികിലേക്ക് ചെന്ന പാപ്പാൻമാരെ ഞൊടിയിടയിൽ ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ശ്രീകുട്ടനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സംഭവം നടന്നത് ആനകളെ കെട്ടുന്ന ദേവസ്വം പറമ്പിലായതിനാൽ ഉത്സവത്തിനെത്തിയ ആളുകളിലേക്ക് ആന എത്താതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. എങ്കിലും ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ്. ഏറെ കാലമായി കാശിനാഥനൊപ്പം പ്രവർത്തിക്കുന്ന പാപ്പാൻമാരായിരുന്നിട്ടും ആന അപ്രതീക്ഷിതമായാണ് ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തെത്തുടർന്ന് എലിഫന്റ് സ്ക്വാഡും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ കൂടുതൽ ചങ്ങലകൾ ഉപയോഗിച്ച് ബന്ധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒരേദിവസം അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും ആനയുടെ ആക്രമണത്തിൽ ജീവനുകൾ പൊലിഞ്ഞത് നാടിനെയാകെ നടുക്കിയിരിക്കുകയാണ്. കനത്ത ചൂടാണോ ആനകളെ പ്രകോപിപ്പിക്കുന്നത് എന്ന കാര്യത്തിൽ വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

ENGLISH SUMMARY:

Thrissur elephant attack news highlights a tragic incident where an elephant fatally attacked a mahout in Irinjalakuda, following another fatal elephant attack in Angamaly. This shocking event has caused widespread fear and prompted investigations into potential causes like extreme heat.