അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമീപത്തുവച്ച് ആന വിരണ്ടോടി ഒരാൾ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിനെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കൊല്ലം മയ്യനാട് സ്വദേശിയായ 'മയ്യനാട് പാർത്ഥസാരഥി' എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്നതായിരുന്നു പാർത്ഥസാരഥിയെ. ഉത്സവത്തിനിടയിലെ വിശ്രമവേളയിൽ ആനയെ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് തളച്ചു. ഈ സമയത്താണ് ആന അപ്രതീക്ഷിതമായി പ്രകോപിതനാവുകയും ചങ്ങല പൊട്ടിച്ച് ഓടുകയും ചെയ്തത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർ വിഷ്ണുവിനെ ആന ചവിട്ടി വീഴ്ത്തിയത്. വിഷ്ണു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കനത്ത ചൂടും കാലാവസ്ഥാ വ്യതിയാനവുമാകാം ആനയെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇടയുന്നതിന് മുൻപ് തന്നെ ആന അസ്വാഭാവിക ലക്ഷണങ്ങൾ കാണിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ആന വിരണ്ടതോടെ ക്ഷേത്രപരിസരത്തുണ്ടായിരുന്ന ഭക്തരും നാട്ടുകാരും പ്രാണരക്ഷാർത്ഥം ഓടി മാറി. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആന തകർത്തു. ജനവാസ മേഖലയായതിനാൽ ആന വീടുകൾക്ക് നേരെ തിരിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ ക്ഷേത്രത്തിന് മുൻവശത്തുള്ള മൈതാനത്താണ് ആന നിൽക്കുന്നത്.
ആന റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആളുകളെ വടം ഉപയോഗിച്ച് സുരക്ഷിത അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്. ക്ഷേത്ര മൈതാനത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും എലിഫന്റ് ടാസ്ക് ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. പാപ്പാൻ പരുക്കേറ്റ് ആശുപത്രിയിലായതിനാൽ ആനയെ അനുനയിപ്പിക്കുന്നത് ദുഷ്കരമായിരിക്കുകയാണ്. നിലവിൽ ആനയെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള നീക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നത്.