കൊച്ചി നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ സമയപരിധി ലംഘിച്ച് ഡിജെ പാർട്ടി നടത്തിയതിന് കടവന്ത്ര പൊലീസ് കേസെടുത്തു. എളംകുളത്തെ റാഡിസൺ ബ്ലൂ ഹോട്ടലിലെ റസ്റ്റോ ബാർ നടത്തിപ്പുകാരനെ പ്രതിചേർത്താണ് നടപടി. ബുധനാഴ്ച രാത്രി ആരംഭിച്ച പാർട്ടി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണി വരെ നീണ്ടുനിന്നതായി പൊലീസ് കണ്ടെത്തി.
നഗരത്തിലെ ക്രമസമാധാന നില കണക്കിലെടുത്ത് ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് അവസാനിപ്പിക്കണമെന്ന് സിറ്റി പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് ഹോട്ടലിൽ പുലർച്ചെ വരെ ആഘോഷങ്ങൾ തുടർന്നത്.
ബാറുകൾക്ക് രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും ഡിജെ പാർട്ടികൾ 11 മണിക്ക് തന്നെ നിർത്തണമെന്നാണ് എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ സർക്കുലർ. രാത്രി വൈകി നീളുന്ന ഇത്തരം പരിപാടികൾ പലപ്പോഴും അക്രമാസക്തമാകുന്നതും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണം.
രാത്രികാല പാർട്ടികളിൽ മദ്യത്തിന് പുറമെ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്. ലഹരി ഇടപാടുകാർ ഇത്തരം പാർട്ടികളെ വിപണന കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്ന് പൊലീസ് നിരീക്ഷിക്കുന്നു. അടുത്തിടെ എളംകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ പ്രമുഖരടക്കം ലഹരിമരുന്നുമായി പിടിയിലായിരുന്നു.
ഹോട്ടലുകൾക്ക് പുറമെ മറൈൻ ഡ്രൈവിലെ ആഡംബര നൗകകൾ കേന്ദ്രീകരിച്ച് നടക്കുന്ന പാർട്ടികളും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ബാറുകളുടെ സമയം 12 മണി വരെയാക്കിയതോടെ പാർട്ടികൾ അതിനനുസരിച്ച് നീട്ടുന്ന പ്രവണത ഹോട്ടലുകൾ അവസാനിപ്പിക്കണമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി. പതിവായി ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന നഗരത്തിലെ എല്ലാ ഹോട്ടലുകളും വരും ദിവസങ്ങളിൽ പ്രത്യേക സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരിക്കും.