വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട വിവാദ ഫോണ്‍ സംഭാഷണത്തില്‍ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിന് ക്ളീന്‍ ചീറ്റ്. ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.വി. അന്‍വര്‍ അന്വേഷണത്തിനിടയില്‍ തെളിവ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പുതല അന്വേഷണം അവസാനിപ്പിച്ചത്.
എന്നാല്‍ തെളിവ് നശിപ്പിക്കുമെന്ന പേടികാരണമാണ് ഫോണ്‍ ഹാജരാക്കാതിരുന്നതെന്ന് വാദിച്ച അന്‍വര്‍ നിയമപോരാട്ടം നടത്തുമെന്നും പറഞ്ഞു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ നിന്ന് എ.ഡി.ജി.പി ഗോഗുലത്ത് ലക്ഷമണനെയും കുറ്റവിമുക്തനാക്കി.
എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വരെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം. 2024 ഒക്ടോബര്‍ അവസാനം പി.വി.അന്‍വര്‍ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസുമായുള്ള സംഭാഷണം പുറത്തുവിട്ടതോടെ പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. ഇതിന് പിന്നാലെ തുടങ്ങിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഒടുവിലാണ് അന്‍വര്‍ ഇടത് കൂട്ട് വിട്ട് യു.ഡി.എഫിലെത്തിയത്.
തൃശൂര്‍ പൂരം കലക്കലും ആര്‍.എസ്.എസ് കൂടിക്കാഴ്ചയുമടക്കം എം.ആര്‍.അജിത്കുമാര്‍ വഴി സര്‍ക്കാരിന് തിരിച്ചടിയായ വിവാദങ്ങളും ഇതിന്‍റെ ബാക്കിയായിരുന്നു. എന്നാല്‍ ഒടുവില്‍ അങ്ങിനൊരു ഫോണ്‍ സംഭാഷണത്തിന് തെളിവില്ലെന്ന വിചിത്ര കണ്ടെത്തലോടെ സുജിത് ദാസിനെതിരായ അന്വേഷണം അവസാനിച്ചു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത അന്‍വറിനോട് മൊഴി നല്‍കാനും ഫോണ്‍ ഹാജരാക്കാനും പലതവണ ആവശ്യപ്പെട്ടിട്ടും തയാറായില്ല.
അതിനിടെ ഫോണ്‍ സംഭാഷണം വ്യാജമെന്ന് സുജിത് ദാസ് മൊഴി നല്‍കി. ഫോണ്‍ ഹാജരാക്കാത്തതിനാല്‍ ശാസ്ത്രീയ പരിശോധന നടത്തി സംഭാഷണം കൃത്രിമമല്ലെന്ന് ഉറപ്പിക്കാത്തതിനാല്‍ തെളിവില്ലെന്നാണ് ആഭ്യന്തര അന്വേഷണം നടത്തിയ ഐ.ജി ശ്യാംസുന്ദറിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ ഹാജരാകാന്‍ നോട്ടീസ് കിട്ടിയില്ലെന്ന് വാദിക്കുന്ന അന്‍വര്‍ ഫോണ്‍ ഹാജരാക്കാത്തത് മനപ്പൂര്‍വമെന്ന് സമ്മതിച്ചു.
ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പടെയുള്ളവ ഉയര്‍ത്തിക്കാട്ടിയായിരുന്നു തന്‍റെ പക്കല്‍ തെളിവുണ്ടെന്ന് വാദിച്ച് അന്‍വര്‍ നാടുനീളെ പ്രസംഗിച്ചത്. പിന്നീട് അന്വേഷണത്തില്‍ തെളിവ് നല്‍കാതെ വരുമ്പോള്‍ ഒത്തുതീര്‍പ്പ് ഉള്‍പ്പടെയുള്ള ദുരൂഹതകള്‍ ഉയരുകയാണ്.