‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന എന്‍സിഇആര്‍ടിയുടെ വിവാദ പാഠഭാഗത്തിനെതിരെ വാളെടുത്ത് സുപ്രീം കോടതി. പുസ്തകത്തിന് സമ്പൂർണ്ണ നിരോധനമേർപ്പെടുത്തിയ കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കും എന്‍സിഇആര്‍ടി ഡയറക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയെ അന്തസ് താഴ്ത്തിക്കെട്ടാൻ വലിയ ഗൂഢാലോചയുണ്ടെന്നും ഉത്തരവാദികളുടെ തലകൾ ഉരുളുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
എന്‍സിഇആര്‍ടി എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന വിവാദഭാഗം. മാധ്യമ വാർത്തകളെത്തുടർന്ന് ഇന്നലെ സ്വമേധയാ ഹർജി സ്വീകരിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് എന്‍സിഇആര്‍ടി-ക്ക് കടുത്ത മുന്നറിയിപ്പ് നൽകി. നേരിട്ട് കോടതിയിൽ ഹാജരായ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി പുസ്തകം പിൻവലിച്ചെന്നറിയിച്ച് നിരുപാധികം ക്ഷമാപണം നടത്തി. എന്നാൽ ക്ഷമാപണംകൊണ്ട് തീരില്ലെന്ന നിലപാടിലായിരുന്നു കോടതി.
ജുഡീഷ്യറിയുടെ അന്തസ് തകർക്കാൻ വലിയ ഗൂഢാലോചനയുടെ ഭാഗമായി കരുതിക്കൂട്ടിയുള്ള നീക്കമാണ് നടന്നത്. നീതി ഉറപ്പാക്കാൻ ജുഡീഷ്യറി നടത്തുന്ന സേവനങ്ങളെക്കുറിച്ച് പുസ്തകത്തിൽ പറയുന്നില്ല. ആഴത്തിലുള്ള അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണം. ജുഡീഷ്യറിക്ക് മുറിവേറ്റിരിക്കുന്നു. ഉത്തരവാദികളുടെ തല ഊരുണ്ടേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചു.
പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പടക്കം കോടതി നിരോധിച്ചു. പ്രിന്റ് ചെയ്ത പകർപ്പുകൾ ഉടൻ നീക്കം ചെയ്യണം. പാഠഭാഗം കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച കോടതി കോടതി വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി, എൻസിആർടി ഡയറക്ടർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസുമയച്ചു. പാഠഭാഗം തയ്യാറാക്കിയവർക്ക് വിദ്യാഭ്യാസമന്ത്രാലയവുമായി ബന്ധമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.