Image: Delhi Highcourt Website

വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേ‍ര്‍പ്പെട്ട ശേഷം ജാതകം ചേരുന്നില്ലെന്ന കാരണം പറഞ്ഞ് വിവാഹത്തില്‍ നിന്നും പിന്‍മാറുന്നത് വഞ്ചനയായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതിനെത്തുടർന്ന് യുവതി നൽകിയ ബലാത്സംഗക്കേസിലാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ നിരീക്ഷണം.കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ജാതകദോഷം പറ‍ഞ്ഞ് വിവാഹത്തില്‍ നിന്നും പിന്‍മാറുന്നത് ഭാരതീയന്യായ് സംഹിത 69ാം വകുപ്പനുസരിച്ച് കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വിവാഹത്തില്‍ ജാതകം അത്രമാത്രം പ്രധാനപ്പെട്ടതാണെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടും മുന്‍പ് തന്നെ ജാതകം പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഈ കേസില്‍ പ്രതി യുവതിക്കയച്ച വാട്സാപ് സന്ദേശങ്ങളടക്കം കോടതി തെളിവായി സ്വീകരിച്ചു. ‘നമുക്ക് നാളെത്തന്നെ വിവാഹം കഴിക്കാം’എന്ന സന്ദേശമുള്‍പ്പെടെ വിവാഹവാഗ്ദാനം നല്‍കിയതിനു തെളിവാണെന്നും കോടതി പറയുന്നു. അതേസമയം തന്നെ ജാതകം ചേരുന്നുണ്ടെന്നും വിവാഹത്തിന് തടസമില്ലെന്നും പ്രതി നേരത്തേ യുവതിയെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

 
Delhi High Court: Marriage Promise Withdrawal Can Be Cheating:

Delhi High Court has ruled that backing out of a marriage after a physical relationship based on a promise of marriage, citing horoscope incompatibility, can be considered cheating. This observation came during the dismissal of a bail plea in a rape case filed by a woman after the man withdrew from the marriage promise.