ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി. ഒന്‍പതംഗ ബെഞ്ചാകും വാദം കേള്‍ക്കുക. യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലും എതിര്‍ക്കുന്നവരുെട വാദം 14,15,16 തീയതികളിലും കേള്‍ക്കും. ഏപ്രില്‍ 22ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും കോടതി അറിയിച്ചു. മാര്‍ച്ച് 14ന് മുന്‍പ് കക്ഷികള്‍ നിലപാട് എഴുതിയറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പരമേശ്വറിനെക്കൂടി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജികള്‍ നിലനിര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ സമയപരിധി നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് നിലപാട് വ്യക്തമാക്കേണ്ടിവരും. പുനഃപരിശോധന ഹര്‍ജികളെ ഇതുവരെ എതിര്‍ത്തിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്.
2019ല്‍ ചീഫ് ജസ്റ്റിസായിരുന്ന എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെഞ്ച് പുനഃപരിശോധന ഹര്‍ജികളിലെടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്നും അന്ന് കോവിഡ് കാലമായതിനാല്‍ നിരന്തരമുള്ള വാദം കേള്‍ക്കല്‍ നടന്നിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേസ് വീണ്ടും കോടതിയുടെ പരിഗണനയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മാത്രമാണ് അന്ന് രൂപീകരിച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായി ഇന്നും സര്‍വീസില്‍ തുടരുന്നത്. 2019 നവംബര്‍ 19നാണ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് ശബരിമല പുനഃപരിശോധന, റിട്ട് ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് കൈമാറിയത്. 2018ലെ യുവതീപ്രവേശ വിധിയെ എതിര്‍ത്ത് അറുപതോളം ഹര്‍ജികളാണ് കോടതിയിലെത്തിയത്.
അതേസമയം, ശബരിമലയില്‍ പഴയ ആചാരക്രമമാണ് പിന്തുടരുന്നതെന്നും സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ വെറുതേയല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയിലെ ആചാരക്രമങ്ങള്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ സര്‍ക്കാരാണ് നടപ്പിലാക്കുന്നതെന്നും അത് തുടരുമെന്ന ധാരണ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ ഇതുവരെയും ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും വിശ്വാസം തകര്‍ത്തിട്ടല്ല പുരോഗമനചിന്ത വേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
യുവതീപ്രവേശം സംബന്ധിച്ച മുന്‍നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. ജനവികാരം മനസിലാക്കിയാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്നും അയ്യപ്പഭക്തരെ ആകര്‍ഷിക്കുന്ന തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു.