രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് പോപ്പുലര്‍ ഫണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍. പിഎഫ്ഐ നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്.
മുസ്‍ലിം യുവാക്കളെ തീവ്രവൽക്കരിക്കാനും ഹിന്ദുക്കളോട് ശത്രുത വളർത്താനും പിഎഫ്ഐ നേതൃത്വം ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിക്കുന്നത്. ഇന്ത്യ പാക്ക് യുദ്ധമുണ്ടായാല്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കുമെന്ന് പിഎഫ്ഐ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നതായും എന്‍ഐഎ സ്പെഷ്യല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി കോടതിയില്‍ വ്യക്തമാക്കി.
ഒരു സംരക്ഷിത സാക്ഷിയുടെ മൊഴിയാണ് എന്‍ഐഎ കോടതിയെ ബോധിപ്പിച്ചത്. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശ്രദ്ധ മുഴുവനും വടക്കേ ഇന്ത്യയിലാകും. ഈ സമയത്ത് പിഎഫ്ഐ തെക്കുഭാഗത്ത് നിന്ന് ആക്രമിക്കുകയും ദക്ഷിണേന്ത്യ പിടിച്ചെടുക്കുമെന്നും ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഇസ്‍ലാം മതം അപകടത്തിലാണെന്ന പ്രചാരണമാണ് പിഎഫ്ഐ നടത്തിയത്. ഇതുവഴി ഹിന്ദുക്കള്‍ക്കെതിരെ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയായിരുന്നു എന്നും രാഹുല്‍ ത്യാഗി വ്യക്തമാക്കി.
ഐസിസിൽ ചേരാനും ഇന്ത്യയിൽ ഖിലാഫത്തും ശരീഅത്ത് നിയമവും സ്ഥാപിക്കാനും പി.എഫ്.ഐ അംഗങ്ങളെ പ്രേരിപ്പിച്ചു. ഹിന്ദുക്കൾക്കും മുസ്‍ലിങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ പ്രഭാഷണങ്ങൾ നടത്തി. മുഗൾ ഭരണകാലത്ത് ഇന്ത്യ ഇസ്‍ലാമിക രാജ്യമായിരുന്നുവെന്നും പതനത്തിനുശേഷം മുസ്‍ലിങ്ങളുടെ അവസ്ഥ മോശമായി എന്നുമുള്ള കുപ്രചാരണമാണ് പിഎഫ്ഐ നടത്തിയിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.