Image Credit: chandigarh.dcourts.gov.in/
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കി കോടതി. വിചിത്രമായ ന്യായം ചൂണ്ടിക്കാട്ടിയാണ് ചണ്ഡീഗഡ് ജില്ലാക്കോടതിയുടെ നടപടി. പ്രതിയുമായുള്ള വിവാഹ– വിവാഹ സല്‍ക്കാര ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിന്‍റെ 'വിഷമം' പെണ്‍കുട്ടിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി അതീവ സന്തുഷ്ടയായാണ് കാണപ്പെട്ടതെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍,പോക്സോ വകുപ്പുകളാണ് പ്രതിക്കുമേല്‍ നേരത്തെ ചുമത്തിയിരുന്നത്.
2023 മേയ് 12നാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോകുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തത്. സംഭവ സമയത്ത് പെണ്‍കുട്ടിക്ക് 15 വയസായിരുന്നു പ്രായം. മേയ് 14ന് പെണ്‍കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിക്കൊണ്ടു പോയതിന് പിന്നാലെ പെണ്‍കുട്ടിയെ ആചാരപ്രകാരം പ്രതി വിവാഹം കഴിച്ചു. പെണ്‍കുട്ടി 'കുട്ടിയാണെന്ന്' വിശ്വസിക്കാന്‍ കഴിയില്ലെന്നും അവളുടെ ഇഷ്ടമില്ലാതെയാണ് യുവാവ് കൂട്ടിക്കൊണ്ട് പോകുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തതെന്ന് കരുതുന്നില്ലെന്നും അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വിധിയില്‍ പറയുന്നു.
അതേസമയം പൊലീസ് നടത്തിയ പരിശോധനയില്‍ അതിജീവിതയായ പെണ്‍കുട്ടിയുടെ ബോണ്‍ ഏജ് 15–16 വയസിനിടയിലുള്ളതാണെന്നും പല്ല് പരിശോധിച്ചപ്പോള്‍ 14–16 വയസ് പ്രായത്തിനിടയിലുണ്ടെന്നുമാണ് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം വിശ്വസനീയമല്ലെന്നും കോടതി പറയുന്നു.
മാത്രവുമല്ല, പ്രതിയുടെ വീടും പെണ്‍കുട്ടിയുടെ വീടും തമ്മില്‍ അഞ്ചാറ് വീടുകളുടെ വ്യത്യാസം മാത്രമാണുള്ളതെന്നും വേണമെങ്കില്‍ പെണ്‍കുട്ടിക്ക് സ്വന്തം വീട്ടിലേക്ക് ഓടിപ്പോകാമായിരുന്നുവല്ലോയെന്നും കോടതി ചോദ്യമുയര്‍ത്തി. വിവാഹ ഫൊട്ടോയിലും വിവാഹ സല്‍ക്കാരത്തിന്‍റേതായി പുറത്തുവന്ന ചിത്രങ്ങളിലും പെണ്‍കുട്ടി സന്തോഷവതിയായാണ് കാണപ്പെടുന്നതെന്നും വിധിയില്‍ പറയുന്നു. 200 പേരോളം പങ്കെടുത്ത വിവാഹ സല്‍ക്കാരത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയത്.
പെണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെ പിതാവിന്‍റെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച കേസാണിതെന്നും പ്രതിഭാഗം വാദിച്ചു. രണ്ടു വര്‍ഷമായി താന്‍ പ്രതിയുടെ കസ്റ്റഡിയിലായിരുന്നുവെന്നും പലതവണ തന്‍റെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.