cow

TOPICS COVERED

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അഹമ്മദാബാദ് അമറേലി സെഷന്‍സ് കോടതിയുടേതാണ്   വിധി. ഓരോരുത്തര്‍ക്കും ആറുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മൂന്ന് പ്രതികളും ചേര്‍ന്ന് 18 ലക്ഷം രൂപ പിഴയടയ്​ക്കണം. കാസിം ഹാജി സോളങ്കി, സത്താര്‍ ഇസ്​മയ്ല്‍ സോളങ്കി, അക്രം ഹാജി സോവങ്കി എന്നിവരെയാണ് ശിക്ഷിച്ചത്.  

2023ലാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്​തത്. പശുക്കളെ അറുക്കുന്നു എന്ന വിവരം ലഭിച്ചതിന് പിന്നാലെ നഗരത്തിലെ വീട്ടിലെത്തി റെയ്​ഡ് നടത്തുകയും 40 കിലോ ബീഫ് പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. വാദങ്ങളുടെയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷന്‍ അഞ്ച് പ്രകാരം മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.  

ഗുജറാത്തിൽ ഇതാദ്യമായാണ് ഒരു കോടതി പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഇത്തരത്തിലൊരു ശിക്ഷ  വിധിക്കുന്നത്. വിധിയെ സ്വാഗതം ചെയ്ത സംസ്ഥാന സർക്കാർ വിധി ചരിത്രപരമെന്നും പറഞ്ഞു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പശുവിന്‍റെ സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് മന്ത്രി ജിതു വഘാനി പറഞ്ഞു.

'ഇന്ത്യൻ സംസ്കാരത്തിന്‍റെയും  വിശ്വാസത്തിന്‍റെയും കേന്ദ്രബിന്ദുവാണ് പശു. പശുവിനെ കൊല്ലുന്നത് പോലുള്ള കുറ്റകൃത്യങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു ദയയും കാണിക്കില്ല. പശുവിനോട് അനീതി കാണിക്കുന്നവരെ സംസ്ഥാന സർക്കാർ കർശനമായ പാഠം പഠിപ്പിക്കുമെന്ന് ഈ വിധി വ്യക്തമാക്കുന്നു. ഈ ചരിത്ര വിധിക്കുശേഷം, ഇനി ഭാവിയിൽ ഗോവധത്തെക്കുറിച്ച് ചിന്തിക്കുന്നവർ പോലും വിറയ്ക്കും,' വാഘാനി മാധ്യമങ്ങളോട് പറഞ്ഞു.

2011-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് ഗുജറാത്തില്‍ ഗോവധത്തിനെതിരെ കർശനമായ നിയമം പാസാക്കിയത്. പിന്നീട് 2017-ൽ ഈ നിയമം ഭേദഗതി ചെയ്യുകയും ജീവപര്യന്തം തടവ് എന്ന വ്യവസ്ഥ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു.