വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം കേരളത്തിലും രാജ്യത്താകെയും ആവര്‍ത്തിക്കുകയാണ്. അപ്രിയമായ വാര്‍ത്തകളുടെ പേരിലും സംവാദങ്ങളിലെ ചോദ്യങ്ങളുടെ പേരിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ അണികള്‍ സമൂഹ മാധ്യമങ്ങളില്‍‌ വനിത മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നു.  വ്യാജ പ്രചാരണങ്ങളും കൃത്രിമ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഫേക്ക് പ്രൊഫൈലുകളുടെ മറവില്‍ സൈബര്‍ ഗുണ്ടകള്‍ പടച്ചുവിടുന്നു. സൈബര്‍ ആക്രമണത്തിനിരയാകുന്ന മാധ്യമ പ്രവര്‍ത്തകര്‍ സംസ്ഥാന പൊലീസ് മേധാവിക്കുതന്നെ പരാതി നല്‍‌കിയാലും പേരിനുള്ള നീക്കങ്ങള്‍ക്കപ്പുറം കര്‍ശന നടപടികളുണ്ടാകാറില്ല.  അതാണ് സൈബര്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണവും.  ഒടുവിലിതാ സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് തന്നെ പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് നടപടി ആവശ്യപ്പെടുന്നു.

നിയുക്ത ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് വനിത മാധ്യമപ്രവർത്തകർക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി. വനിതാ റിപ്പോർട്ടർമാരെയും എഡിറ്റർമാരെയും സൈബര്‍ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കാന്‍ സുരക്ഷാ പ്രോട്ടോകോള്‍തന്നെ രൂപീകരിക്കണം, വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുന്ന സൈബര്‍ പ്രവര്‍ത്തനങ്ങള്‍ തടയണം.  അതിന് മാധ്യമ സ്ഥാപനങ്ങളും ബന്ധപ്പെട്ട  സമിതികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സിന്‍റെ 31-ാം വാർഷിക പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.

സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും ആയുധവത്കരണം വനിതാ മാധ്യമപ്രവർത്തകർക്ക് മുന്‍പില്ലാത്തവിധം അപകടസാധ്യതകളുണ്ടാക്കുന്നു.  മോര്‍ഫ് ചെയ്ത ചിത്രങ്ങൾ, കെട്ടിച്ചമച്ച ഉള്ളടക്കം, നിരന്തരമായ ട്രോള്‍ കാമ്പെയ്‌നുകൾ എന്നിവയ്ക്ക് വനിത മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ഇരയാകുന്നു.  കുറ്റവാളികൾ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നു,  മാനസികവും തൊഴിൽപരവുമായ ദ്രോഹത്തിനായി ചിത്രങ്ങൾ ഉപയോഗിക്കുന്നതായും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഇത്തരം കുറ്റവാളികൾ, വനിതാ മാധ്യമപ്രവർത്തകരുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ അവർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളിലോ പ്രതികരിക്കുന്നതിന് പകരം, അവരെ അവഹേളിക്കാനും ഭയപ്പെടുത്താനും തൊഴിൽപരമായി അപകീർത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.  ഓൺലൈൻ അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിനും പൊതുചർച്ചകൾക്കുമെതിരായ ഗുരുതരമായ ആക്രമണമാണെന്നും  അദ്ദേഹം പറഞ്ഞു. 

ഡിജിറ്റൽ അതിക്രമം വനിതാ മാധ്യമപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും സുരക്ഷിതത്വത്തെയും ഇല്ലാതാക്കുക മാത്രമല്ല, പൊതുചർച്ചകളുടെ വൈവിധ്യത്തെയും സൂക്ഷ്മതയെയും അടിച്ചമർത്തുന്നു.  മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്നു.  ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെയും സംരക്ഷണം മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും  ജാഗ്രതയും ധാർമികയും ആവശ്യപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് ഊന്നിപ്പറഞ്ഞു.  മാധ്യമങ്ങളിലെ സ്ത്രീശക്തിയും എ.ഐയുടെ മാധ്യമങ്ങളിലെ കടന്നുകയറ്റവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

ENGLISH SUMMARY:

Cyber harassment of women journalists is a serious concern, impacting media freedom and public discourse. Justice Surya Kant highlights the need for robust safety protocols to protect female journalists from online abuse and safeguard their professional reputation.