വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനു പിന്നാലെ മഹാനടന്‍ നേരിട്ട സൈബർ ആക്രമണത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറഞ്ഞതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രേംകുമാര്‍. മഹാനടന് ഒരു നീതിയും, ചെറിയ നടനായ എന്നോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി. ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയർമാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്. മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു "ചെറിയ നടൻ" ആണ് ഞാനും. 

തുല്യനീതി ഉറപ്പുള്ള നാട്ടിൽ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ "ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്" ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം'. - മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രേംകുമാര്‍ തുറന്നടിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ"

മലയാളത്തിന്റെ മഹാനടൻ ചൂരൽമല സന്ദർശിക്കാൻ എത്തിയപ്പോൾ ഒപ്പം കൂടിയ നേതാവിനോട് തോന്നിയ നീരസം നാട്യം കൊണ്ട് മറയ്ക്കാതെ  പരസ്യമായി പ്രകടിപ്പിച്ചു. വാർത്ത പുറംലോകം അറിഞ്ഞതോടെ ആ മഹാപ്രതിഭയെ മുൻപ് വാഴ്ത്തിയവർ തന്നെ ഒരു നിമിഷം എല്ലാം മറന്ന് സൈബർ ഇടങ്ങളിൽ ആക്രമിച്ചു. എല്ലാ മനുഷ്യരെയും പോലെ സൈബർ ആക്രമണത്തിൽ മഹാനടന്റെ മനസ്സ് വേദനിച്ചു.

ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രി സൈബർ പോരാളികളുടെ നീചമായ പ്രവർത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശാല മനസ്സിനെയും മാനവികബോധത്തെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

മുൻപ് പൊതുസമൂഹം ഒന്നടങ്കം പറയാൻ ആഗ്രഹിച്ച "ആശാ സമരം പരിഹരിക്കണമെന്ന" നിർദോഷമായ മനുഷ്യപക്ഷ നിലപാടിന്റെ പേരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒരു അറിയിപ്പും കൂടാതെ എന്നെ പുറത്താക്കിയത് "മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്ന ഗതികേട്" എന്റെ അഭിമാനത്തിന് ഏൽപ്പിച്ച ക്ഷതത്തെക്കുറിച്ച് പറഞ്ഞതിന് എനിക്ക് നേരെ സൈബർ പോരാളികൾ നടത്തുന്ന സമാനതകളില്ലാത്ത സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുകയാണ്.

സംസ്കാരം ഉള്ള ആരുകേട്ടാലും അറയ്ക്കുന്ന തെറികളും മുറിപ്പെടുത്തുന്ന വാക്കുകളും ഉപയോഗിച്ച് തേജോവധം ചെയ്തും അവഹേളിച്ചും അപമാനിച്ചും ലോകത്തെ ഏറ്റവും മോശം മനുഷ്യനായി ചിത്രീകരിച്ചും എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഏറ്റവും മ്ലേച്ഛമായി അപഹസിച്ചിട്ടും “അരുത്” എന്ന ഒരു വാക്ക് പോലും ബഹുമാനപെട്ട അങ്ങയിൽ നിന്ന് എന്നല്ല, ആരിൽ നിന്നും കേട്ടില്ല.

കഴിഞ്ഞ 35 വർഷമായി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി ഫാസിസത്തിനെതിരെയും വർഗീയതയ്ക്ക് എതിരെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞും നിലപാടുകളിൽ ഉറച്ച് നിന്നുമാണ് ഞാൻ പ്രവർത്തിച്ചത്. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ സാംസ്‌കാരിക മന്ത്രി ഉൾപ്പടെ ഏവരും പ്രശംസിക്കുന്ന തരത്തിൽ മികവുറ്റതാക്കി, ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും സുതാര്യമായും പ്രവർത്തിച്ച എനിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉണ്ടായ അതിക്രൂരമായ വ്യക്തിഹത്യ അങ്ങയെയും ഒപ്പമുള്ളവരെയും അല്പം പോലും ആസ്വസ്ഥമാക്കിയില്ല എന്നത് എന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നു.

പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി — ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയർമാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്.

മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു "ചെറിയ നടൻ" ആണ് ഞാനും. 

തുല്യനീതി ഉറപ്പുള്ള നാട്ടിൽ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ "ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്" ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം.

ചരിത്രം തുടങ്ങേണ്ടത് ഏറ്റവും അടിത്തട്ടിൽ നിന്നാണെന്നും പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ ചരിത്രമാണ് യഥാർത്ഥ ചരിത്രമെന്നും പാവപ്പെട്ടവരെ കൂടി കരുതിക്കൊണ്ടാകണം എല്ലാ തീരുമാനങ്ങളെന്നും പറയുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത ഓർത്തുകൊണ്ട് —

സൈബർ ഇടങ്ങളിൽ മുഖം ഒളിപ്പിച്ച കൂലി എഴുത്തുകാരായ സൈബർ പടയാളികളിൽ നിന്ന് ആക്രമണം നേരിടുന്ന — 

സത്യത്തിന്റെയും നീതിയുടെയും ശരിയുടെയും മനുഷ്യന്റെയും പക്ഷത്ത് നിൽക്കുന്ന — 

തുല്യദുഖിതരായ എല്ലാ സഹോദരങ്ങളോടും ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്, സ്നേഹാദരവുകളോടെ... 

ENGLISH SUMMARY:

Actor Prem Kumar has posted on Facebook about the cyber attacks faced by a renowned actor after visiting Wayanad, for which the Chief Minister publicly apologized. Prem Kumar expressed his feeling of being treated with different standards by the Chief Minister, comparing himself to the renowned actor and highlighting perceived double standards in political dealings.