തൂഫാനെ പോലെ അര്‍ജുന്‍ ആയങ്കിയെ തൂക്കണമെന്ന് പറഞ്ഞ സിപിഎം നേതാവ് എം.വി. ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി. തനിക്ക് അയിത്തം കൽപ്പിക്കുന്നതിനും തള്ളിപ്പറയുന്നതിനും മുൻപ് താനീ പ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് ജയരാജന്‍റെ പേര് പരാമര്‍ശിച്ചുകൊണ്ട് അര്‍ജുന്‍ ആയങ്കി കുറിച്ചു.  

മറ്റെല്ലാവർക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട്. അർജ്ജുൻ ആയങ്കി ശത്രുക്കളെക്കാൾ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാൽ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജൻ സഖാവിനോടാണ്, എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്.!.

ഈ പാർട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാൻ കള്ളക്കേസിൽ ജയിലിലടക്കപ്പെട്ടത്. മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പൊലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്…!! – അര്‍ജുന്‍ തുറന്നടിച്ചു. 

തൂഫാനെ പോലെ അര്‍ജുന്‍ ആയങ്കിയെ തൂക്കണമെന്നും എന്നാല്‍ തൂക്കിക്കൊല്ലരുതെന്നുമാണ് സിപിഎം നേതാവ് എം.വി.ജയരാജന്‍ പ്രതികരിച്ചത്. ഇതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും, വെടിവയ്ക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്‍ വളര്‍ന്നത് ക്വട്ടേഷന്‍ പാര്‍ട്ടിയിലാണ്, സിപിഎമ്മിലല്ല. പ്രതി പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യമാണെന്നും ക്വട്ടേഷന്‍ സംഘത്തിന്‍റെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയത്. 

ENGLISH SUMMARY:

Arjun Ayanki has responded to CPM leader MV Jayarajan's comments stating he should be 'hanged like a storm'. Ayanki emphasized his long-standing association with the party and his sacrifices, including jail time for defending comrades, before being ostracized.