New Delhi: Muslim petitioners at the Supreme Court lawn during hearing on pleas challenging the Waqf Act amendments, in New Delhi, Wednesday, May 21, 2025. (PTI Photo) (PTI05_21_2025_000289A)

TOPICS COVERED

അപകീര്‍ത്തിപ്പെടുത്തല്‍ കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി. ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) പ്രൊഫസർ ദി വയറിനെതിരെ നല്‍കിയ ക്രിമിനൽ മാനനഷ്ട കേസില്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സമൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഡൽഹി ഹൈക്കോടതി ശരിവച്ച സമന്‍സിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. 

2016-ൽ 'ദി വയർ' പ്രസിദ്ധീകരിച്ച, ‘ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി: വിഘടനവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രം’ (Jawaharlal Nehru University: The Den of Secessionism and Terrorism) എന്ന 200 പേജുള്ള രേഖ തയ്യാറാക്കിയതിൽ പ്രൊഫസർക്ക് പങ്കുണ്ടെന്ന വാർത്തയെത്തുടർന്നാണ് ദി വയറിനും അതിന്റെ റിപ്പോർട്ടർക്കുമെതിരെ ക്രിമിനൽ അപകീര്‍ത്തിപ്പെടുത്തല്‍ ഫയൽ ചെയ്തത്. ജെഎൻയുവിനെ സംഘടിത സെക്സ് റാക്കറ്റിന്റെ താവളം എന്നും ലേഖനത്തിൽ വിശേഷിപ്പിച്ചിരുന്നു. ഈ കേസിൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ 'ദി വയർ' നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഇതെല്ലാം കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് താന്‍ കരുതുന്നതായി വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസ് എം എം സുന്ദരേഷ് നിരീക്ഷിച്ചു. ദി വയറിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബലും കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499 ന് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 പ്രകാരം ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ഇന്നും ക്രിമിനൽ കുറ്റമായി തുടരുകയാണ്.

2016-ൽ സുബ്രഹ്മണ്യൻ സ്വാമി യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ നൽകിയ കേസിൽ, ക്രിമിനൽ മാനനഷ്ടത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചിരുന്നു. ആർട്ടിക്കിൾ 19 പ്രകാരം സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള ന്യായമായ നിയന്ത്രണമായാണ് കോടതി അന്ന് നിരീക്ഷിച്ചത്. ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ (അനുച്ഛേദം 21) ഭാഗമാണിതെന്നും അന്ന് കോടതി വിധിച്ചിരുന്നു. ഈ വിധിന്യായത്തിൽ നിന്നുള്ള മാറ്റമാണ് ഈ പരാമർശം സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:

Defamation law in India is under scrutiny. The Supreme Court has questioned the criminalization of defamation, suggesting it may be time to decriminalize it, during a hearing related to a case involving 'The Wire' and a JNU professor.