അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യതാപരീക്ഷ (All India Bar Exam) വര്‍ഷത്തില്‍ രണ്ടുതവണ നടത്തുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. എല്‍എല്‍ബി അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാവുന്ന തരത്തില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയെന്ന് ബാര്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ അറിയിച്ചു. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് 9 വിദ്യാര്‍ഥികള്‍ 2024ല്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് തീര്‍പ്പാക്കി.
2024ല്‍ ഇടക്കാല ഉത്തരവിലൂടെ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ഓള്‍ ഇന്ത്യ ബാര്‍ എക്സാം എഴുതാന്‍ സുപ്രീം കോടതി അവസരം നല്‍കിയിരുന്നു. അന്ന് കോടതി നിര്‍ദേശിച്ച പ്രകാരമാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുതിയ ചട്ടങ്ങള്‍ തയാറാക്കിയത്. വിദ്യാര്‍ഥികള്‍ എല്‍എല്‍ബി പാസാകുന്നതനുസരിച്ചായിരിക്കും അന്തിമഫലം വരിക.
ഒരു വര്‍ഷം രണ്ടുതവണ ഓള്‍ ഇന്ത്യ ബാര്‍ എക്സാം നടത്തുന്നത് ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും എല്‍എല്‍ബി ബിരുദം നേടിയവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ബാര്‍ കൗണ്‍സില്‍ അഭിഭാഷകന്‍ പറഞ്ഞു. ബിരുദം നേടിയശേഷം കാലതാമസം കൂടാതെ പ്രാക്ടീസ് തുടങ്ങാന്‍ സാധിക്കും. നിയമബിരുദം നേടിയാലും ഓള്‍ ഇന്ത്യ ബാര്‍ എക്സാം പാസായാല്‍ മാത്രമേ ഇന്ത്യയില്‍ ഏത് കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയൂ.