woman-complaint

തന്നെ ഉപേക്ഷിച്ച് പാസ്‌പോർട്ടും ആഭരണങ്ങളുമായി ഒളിച്ചോടിയ അമേരിക്കന്‍ പോലീസുദ്യോഗസ്ഥനായ ഭർത്താവിനെതിരെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ച്  ഹൈദരാബാദ് സ്വദേശിനി. ഹന അഹമ്മദ്ഖാന്‍ എന്ന 25കാരിയാണ് മാനസികവും ശാരീരികവുമായി തനിക്കേറ്റ പീഡനങ്ങളില്‍ വിദേശകാര്യമന്ത്രിയോട്‌ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടത്.  താന്‍ അപമാനിതയായെന്നും കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

2022 ജൂണിൽ  ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥനും യുഎസ് പൗരനുമായ മുഹമ്മദ് സൈനുദ്ദീൻ ഖാനുമായി താൻ വിവാഹിതയായെന്നും എന്നാൽ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ അയാള്‍ യുഎസിലേക്ക് മടങ്ങുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. തന്നെ  കൂടെ കൊണ്ടുപോകാൻ വിസമ്മതിച്ചതിനെത്തുടർന്ന്  പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് 2024ല്‍   യുഎസിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും ശാരീരിക മാനസിക പീഡനങ്ങള്‍ തുടങ്ങി. ഒരിക്കല്‍ ഭര്‍ത്താവ് തന്നെ ആക്രമിച്ചതിനെത്തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തേണ്ടതായി പോലും വന്നു. പൊലീസ് താക്കീത് നല്‍കി വിട്ടയച്ചെങ്കിലും പിന്നീട് തന്‍റെ എതിര്‍പ്പ് അവഗണിച്ച് വിവാഹമോചന നടപടികൾ ആരംഭിക്കാൻ ഭർത്താവ് സമ്മർദം ചെലുത്തി. താന്‍ അത് നിരസിച്ചുവെന്നും യുവതി പറയുന്നു.

പിന്നീട് 2024 ഫെബ്രുവരിയിൽ കുടുംബസമേതം ഇന്ത്യ സന്ദർശിക്കാൻ ഭർത്താവ് നിർദേശിച്ചു. താന്‍ കുടുംബത്തോടൊപ്പം തങ്ങിയ ദിവസം ഭര്‍ത്താവ് ഹോട്ടലിലായിരുന്നു.  അവിടെ നിന്ന് തന്നെ അറിയിക്കാതെ ലഗേജും ആഭരണങ്ങളും  പാസ്‌പോർട്ടും ഗ്രീൻ കാർഡുമെല്ലാമായി  ഭര്‍ത്താവ് യു.എസിലേക്ക് മടങ്ങിപ്പോയി . ഭര്‍ത്താവിനെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. നിയമപരമായ രേഖകളോ യുഎസിലേക്ക് മടങ്ങാനുള്ള മാർഗമോ ഇല്ലാതെ ഇന്ത്യയിൽ ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ് താനെന്നും ഹൈദരാബാദിലെ യുഎസ്എ കോൺസുലേറ്റിന്‍റെ സഹായം തേടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

രേഖകള്‍ തിരികെ ലഭിക്കാനും ഭര്‍ത്താവിനെതിരായ കേസ് നിയമപരമായി നേരിടാന്‍ യുഎസിലേക്ക് മടങ്ങാനും സഹായിക്കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തോടുള്ള യുവതിയുടെ ആവശ്യം. ഹൈദരാബാദിലെ പഞ്ചഗുട്ട പോലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്. തെലങ്കാന ആസ്ഥാനമായുള്ള മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) വക്താവ് അംജെദ് ഉള്ളാ ഖാന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റിന് ശേഷമാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.

ENGLISH SUMMARY:

NRI husband abandonment is a serious issue faced by many women. A Hyderabad woman seeks help from the External Affairs Minister after being abandoned by her US-based husband who is a police officer