messi-kerala

മെസി കേരളത്തില്‍ വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ച ദിവസം നവംബര്‍ 16 ആയിരുന്നു. ആ ദിനം കഴിഞ്ഞിട്ട് ദിവസങ്ങളായി. മെസി വന്നില്ല എന്ന് മാത്രമല്ല, ഇപ്പോള്‍ കൊച്ചിയുടെ സ്ഥാനം ഹൈദരാബാദ് സ്വന്തമാക്കിയത്രേ. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെസിയുടെ ‘ഗോട്ട് ടൂർ 2025' ൽ ഹൈദരാബാദിനെ കൂടി ഉൾപ്പെടുത്തിയെന്നാണ് സ്ഥിരീകരണം. 2025 ഡിസംബർ 13 ന് ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ 'രേവന്ത് റെഡ്ഡി 9 vs ലയണൽ മെസി 10' എന്ന സ്വപ്നതുല്യമായ മത്സരത്തിനും ഹൈദരാബാദ് സാക്ഷ്യം വഹിക്കും.

മെസി നയിക്കുന്ന ടീമിനെ ഹൈദരാബാദില്‍ നേരിടുന്നത് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നയിക്കുന്ന ടീമാണെന്നുള്ള പ്രത്യേകതകൂടിയുണ്ട്. രേവന്ത് റെഡ്ഡി 9-ാം നമ്പർ ജഴ്‌സിയും മെസി 10-ാം നമ്പർ ജഴ്‌സിയും ധരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള ഫുട്ബോൾ പ്രതിഭകളായിരിക്കും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകുക. ‘ഡിസംബർ 13 ന് ഹൈദരാബാദ്‌ മെസിയെ സ്വാഗതം ചെയ്യുകയും കളിക്ക്  ആതിഥേയത്വം വഹിക്കുകയും ചെയ്യും. നമ്മുടെ നാടിനും മെസിയെന്ന ഇതിഹാസത്തെ കാണാൻ സ്വപ്നം കണ്ട ഓരോ ഫുട്ബോൾ ആരാധകനും ഇത് ആവേശകരമായ നിമിഷമാണ്. അഭിമാനത്തോടുകൂടിയാണ്  അദ്ദേഹത്തെ സ്വീകരിക്കാൻ ഹൈദരാബാദ് ഒരുങ്ങിയിരിക്കുന്നത്’ മെസിയുടെ ഹൈദരാബാദ് സന്ദർശനം സ്ഥിരീകരിച്ചുകൊണ്ട് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

മെസിയും ഇന്‍സ്റ്റഗ്രാമില്‍ ഹൈദരാബാദ് സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇന്ത്യയുടെ സ്നേഹത്തിന് നന്ദി! GOAT ടൂർ ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും! കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങള്‍ക്കൊപ്പം ഹൈദരാബാദിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടൻ കാണാം, ഇന്ത്യ‘ മെസി കുറിച്ചു. അതേസമയം, അഹമ്മദാബാദിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ് ഹൈദരാബാദിനെ ‘ഗോട്ട് ഇന്ത്യ’ ടൂറിൽ ഉൾപ്പെടുത്തിയതെന്നും അതല്ല അർജന്റീനയുടെ കൊച്ചിയിലെ സൗഹൃദ മത്സരം റദ്ദാക്കിയതിനെ തുടർന്നാണ് ഹൈദരാബാദിനെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

‘ഇന്ത്യയിലെ ഏറ്റവും ആരോഗ്യവാനായ മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടല്ല മല്‍സരിക്കുക. തെലങ്കാന മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി മത്സരിക്കരുതെന്നും മറിച്ച് രാജ്യാന്തര നഗരങ്ങളുമായി മത്സരിക്കണമെന്നുമുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം പോലെ അദ്ദേഹം മെസിയുമായി മല്‍സരിക്കും’ എന്ന് തെലങ്കാന സ്പോർട്സ് അതോറിറ്റി ചെയർമാൻ ശിവസേന റെഡ്ഡി പറഞ്ഞു. ‘മെസിയുടെ കാലുകളില്‍ നിന്ന് പാസ് ലഭിക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് ഉണ്ടാകുന്ന ആവേശം സങ്കൽപ്പിച്ചു നോക്കൂ... യുവതാരങ്ങൾക്കും ആരാധകർക്കും ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു നിമിഷമാണ്’ മത്സരം ഏകോപിപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

ഡിസംബർ 13 ന് കൊൽക്കത്തയിൽ നിന്നായിരിക്കും മെസിയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക, അതേദിവസം വൈകുന്നേരം ഹൈദരാബാദിലും മെസിയെത്തും. തുടർന്ന് ഡിസംബർ 14 ന് മുംബൈയിലും ഡിസംബർ 15 ന് ഡൽഹിയും സന്ദര്‍ശിക്കും. ​രാജ്യ തലസ്ഥാനത്തുവച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലായിരിക്കും പര്യടനം സമാപിക്കുക. സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങൾ, സംഗീത പരിപാടികൾ, മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ, കുട്ടികൾക്കുള്ള മാസ്റ്റർക്ലാസുകൾ, അനുമോദന ചടങ്ങുകൾ എന്നിവയാണ് പര്യടനത്തില്‍ ഉള്‍പ്പെടുന്നത്.

ENGLISH SUMMARY:

Lionel Messi's highly anticipated 'GOAT Tour 2025' has confirmed Hyderabad as a host city, with reports suggesting it replaced Kochi's slot, despite Kerala Sports Minister V. Abdurahiman's previous announcement. Hyderabad will host a unique exhibition match, "Revanth Reddy 9 vs Lionel Messi 10," at the Rajiv Gandhi International Stadium on December 13. Telangana CM A. Revanth Reddy will lead a team of government school football talents against Messi's squad. Messi confirmed the four-city India tour (Kolkata, Hyderabad, Mumbai, Delhi) on Instagram, expressing excitement. The tour, spanning December 13–15, will include celebrity matches, masterclasses, and a meeting with PM Narendra Modi in Delhi.