kid-helper

TOPICS COVERED

നഴ്സറി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ ആയ നിലത്തിട്ട് ക്രൂരമായി ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രീസ്കൂളുകളിലെ സുരക്ഷ വീണ്ടും ചര്‍ച്ചയാവുകയാണ്. ആരോപണവിധേയയായ ലക്ഷ്മിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ജീഡിമെട്‌ലയിലെ ഷാപൂർ നഗറിലെ കിന്‍ഡര്‍ ഗാര്‍ട്ടനിലാണ് സംഭവം.

ശുചിമുറിയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും നഴ്സറികളില്‍ സഹായത്തിനായി നില്‍ക്കുന്ന ജീവനക്കാരാണ്. ശുചിമുറിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോയില്‍ കുട്ടിയെ ഈ സ്ത്രീ പല തവണ അടിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതും തല പിടിച്ചിടിക്കുന്നതും കഴുത്ത് ഞെരിക്കുന്നതും കാണാം.

സ്കൂള്‍ സമയം കഴി‍ഞ്ഞ ശേഷമാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. അതേ സ്കൂളിലെ ബസിലെ ജീവനക്കാരിയുടെ മകളാണ് കുട്ടി. മറ്റ് കുട്ടികളെ ബസില്‍ കൊണ്ടുപോയി വീടുകളില്‍ ഇറക്കാന്‍ പോയ സമയത്താണ് ഇവരുടെ കുഞ്ഞിനു നേരെ ആയ ക്രൂരമായ ആക്രമണം നടത്തിയത്. ഈ സമയം സ്കൂള്‍ വളപ്പില്‍ മറ്റാരുമില്ലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുട്ടിയുടെ അമ്മയുമായുള്ള പ്രശ്നങ്ങളാണ് സംഭവത്തിനു കാരണമെന്നാണ് ജീഡിമെട്‌ല പൊലീസ് പറയുന്നത്. നാലുവയസുകാരിയുടെ അമ്മ കാരണം തന്‍റെ ജോലി നഷ്ടമാകുമോയെന്ന ഭയം ഈ ആയയ്ക്കുണ്ടായിരുന്നെന്നും പറയപ്പെടുന്നു. കുട്ടിയുടെ കരച്ചില്‍കേട്ട് ശ്രദ്ധിച്ച സ്കൂളിന് സമീപത്തു താമസിക്കുന്നവരാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Child abuse is a serious crime that affects vulnerable children. This article discusses an incident in Hyderabad where a nursery student was brutally attacked, raising concerns about child safety in schools.