TOPICS COVERED

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തടയണമെന്ന സുവിശേഷകന്‍ കെ.എ. പോളിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. തള്ളുമെന്ന സുപ്രീം കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കെ.എ പോള്‍ ഹര്‍ജി പിന്‍വലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനില്ലെന്നു പറഞ്ഞ കോടതി പ്രശസ്തിക്ക് വേണ്ടിയാണോ ശ്രമം എന്ന് പോളിനോട് ചോദിച്ചു. മോചന ശ്രമത്തില്‍ ഇടപെടുന്നതില്‍നിന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാരെയും ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

നിമിഷപ്രിയയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇനി താന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് പോള്‍ കോടതിയില്‍ പറഞ്ഞു. ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ അറിയിക്കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഈ നിലപാട് കൂടി അംഗീകരിച്ചാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഹര്‍ജി ഒഴിവാക്കിയത്. 

നിമിഷപ്രിയയുടെ മോചനശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊള്ളുമെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും സുപ്രീംകോടതി തർക്കത്തിന് വേദിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ എ പോൾ ആരോപിച്ചു. 

നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് കെ.എ പോളിനോട് ചോദിച്ച കോടതി ആരും പുറത്തുവന്ന് മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യം ആരും മാധ്യമങ്ങളെ അറിയിക്കുന്നില്ലെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കുമെന്ന് അറ്റോർണി ജനറൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് മറ്റെന്താണ് വേണ്ടത് എന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. 

നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന സുവിശേഷകന്‍ കെ.എ.പോളാണ് ഹര്‍ജി നല്‍കിയത്.  ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും ചര്‍ച്ചകള്‍ക്കായി മൂന്നുദിവസത്തേക്ക് മാധ്യമങ്ങളെ വിലക്കണമെന്നും പോള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് നിമിഷപ്രിയയുടെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോള്‍ ഹര്‍ജി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെപേരില്‍ പോള്‍ വ്യാജ പണപ്പിരിവിന് ആഹ്വാനം ചെയ്തത് കേന്ദ്രം കണ്ടെത്തിയിരുന്നു.  പോളിനെതിരെ കേസെടുക്കണമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പരാതിയും നല്‍കിയിരുന്നു.

ENGLISH SUMMARY:

Nimisha Priya's release efforts are ongoing, with the Supreme Court dismissing a petition seeking to block news related to the case. The court expressed concerns about wasting valuable time and questioned the petitioner's motives, while the central government assured the court of its efforts in the matter.