AI Image

TOPICS COVERED

വിവാഹിതനായ പുരുഷനോട് പ്രണയാഭ്യര്‍ഥന നടത്തുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയും നിരന്തരം പിന്തുടരുകയും  ചെയ്ത യുവതിക്ക് സഞ്ചാരനിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി കോടതി. പരാതിക്കാരന്‍റെ വീടിന്‍റെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരനുമായോ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമായോ നേരിട്ടോ ടെലിഫോണ്‍, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ആശയവിനിമയം നടത്താന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

2019-ല്‍ ഒരു ആശ്രമത്തില്‍വച്ചാണ് പരാതിക്കാരനും യുവതിയും പരിചയപ്പെടുന്നത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം യുവതി പ്രണയാഭ്യര്‍ഥന നടത്തി. താന്‍ വിവാഹിതനാണെന്നെന്നും പ്രായമായ ആളാണെന്നും പറഞ്ഞ്‌ പരാതിക്കാരന്‍ അഭ്യര്‍ഥന നിരസിച്ചു. ആ സമയത്ത് യുവതിയും വിവാഹിതയായിരുന്നു.  ദിവസങ്ങള്‍ക്ക് ശേഷം യുവതി പരാതിക്കാരനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. യുവതിയുമായുള്ള എല്ലാതരം ആശയവിനിമയങ്ങളും ഇദ്ദേഹം അവസാനിപ്പിച്ചതോടെ യുവതി സോഷ്യല്‍ മീഡിയയിലൂടെ പരാതിക്കാരനെയും മക്കളെയും പിന്തുടരുന്നത് തുടര്‍ന്നു. ഒരിക്കല്‍ പരാതിക്കാരന്‍റെ വീട്ടിലെത്തി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. തന്നെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിച്ചു.

ലോക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും യുവതി തന്നെ വേട്ടയാടുന്നത് നിർത്താത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ നിർബന്ധിതനായതെന്ന് പരാതിക്കാരന്‍ പറഞ്ഞു. യുവതിയുടെ പ്രവർത്തനങ്ങൾ പുരുഷന്‍റെ  മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വാദിയും പ്രതിയും തമ്മിലുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും പരാതിയുമായി കൂട്ടിച്ചേർത്ത സിസിടിവി ദൃശ്യങ്ങളും വിലയിരുത്തിയാണ് വാദിക്ക് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ENGLISH SUMMARY:

A court has imposed travel restrictions and a restraining order on a young woman who persistently followed a married man, proposed to him, and requested a physical relationship. The court directed that the woman must not enter within a 300-meter radius of the complainant’s residence. The order also prohibits her from communicating with the complainant or his family members either directly or through telephone, electronic means, or social media platforms. The directive was issued by Civil Judge Renu of the Rohini Court in Delhi.