ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുമായി പൊലീസ് വീട്ടിലെത്തും മുന്‍പേ അമ്മയും മക്കളും തൂങ്ങിമരിച്ചു. ഡല്‍ഹി കല്‍ക്കാജിയില്‍ ശനിയാഴ്ചയാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കോടതി ഉത്തരവുമായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അമ്മയേയും മക്കളേയും ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവുമായാണ് പൊലീസ് എത്തിയതെന്ന് ഡിസിപി ഹേമന്ത് തിവാരി പറഞ്ഞു.
പലതവണ വീടിന്റെ കതകില്‍ തട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലാതായതോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് പൊലീസ് വീട്ടിലേക്ക് കയറിയത്. അനുരാധാ കപൂര്‍(52), ആഷിഷ് കപൂര്‍(32), ചൈതന്യ കപൂര്‍(27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ എഴുതിയതെന്ന് കരുതുന്ന ഒരു ആത്മഹത്യാക്കുറിപ്പും മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. കേസിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുടുംബമെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് കുറിപ്പിലുള്ളതെന്നാണ് സൂചന. മൃതദേഹം എയിംസ് മോര്‍ച്ചറിയിലേക്ക് മാറ്റി. കുടുംബത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.