TOPICS COVERED

എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് രാജ്യം. സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതി പരേഡും നിശ്ചല ദൃശ്യങ്ങളും. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്ൻ, യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരായിരുന്നു റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികൾ. അടിമുടി ഓപ്പറേഷൻ സിന്ദൂർ മയമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ്.  

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രിക്കും സംയുക്ത സേനാ മേധാവിക്കും സായുധസേനാ മേധാവിമാര്‍ക്കുമൊപ്പം ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചതോടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ക്ക് തുടക്കമായി. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്ൻ, യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കുമൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥിലേക്ക്. പതിവുപോലെ കുതിരകള്‍ വലിക്കുന്ന ബഗിയിലാണ് രാഷ്ട്രപതി എത്തിയത്.

രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍, 21 ആചാര വെടികള്‍ മുഴങ്ങി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് രാഷ്ട്രപതി അശോകചക്ര സമ്മാനിച്ചു. പിന്നാലെ വര്‍ണാഭമായ പരേഡ്. ഇന്ത്യന്‍ സായുധസേനകള്‍ ഉപയോഗിക്കുന്ന മിസൈലുകളുടെയും ആക്രമണ ഡ്രോണുകളും ഡ്രോണ്‍ വേധ സംവിധാനങ്ങളും പരേഡില്‍ അണിനിരന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ നിര്‍ണായകമായ ബ്രഹ്മോസ് മിസൈല്‍, ആകാശ് വെപ്പണ്‍ സിസ്റ്റം, എന്നിവയുമെത്തി. ബാറ്റില്‍ ഗിയറുകള്‍ അണിഞ്ഞ് അറുപത്തിയൊന്നാം കാവല്‍റി സേനയും കര്‍ത്തവ്യപഥില്‍. കരസേനയുടെ ഭൈരവ് ബറ്റാലിയന്‍, ഹിമാലയത്തിലെ ചെറിയ കുതിരകളായ സന്‍സ്കാര്‍ പോണികള്‍, ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ എന്നിവയും ഇതാദ്യമായി പരേഡില്‍ അണിനിരന്നു.

രാജപാളയമടക്കം കരസേന ഉപയോഗിക്കുന്ന നായകളുടെ സംഘവും പരുന്തുകളും കൗതുക കാഴ്ചയായി. പായ് വഞ്ചിയിൽ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാൻഡർ കെ.ദിൽനയും ലഫ്‌നന്റ് കമാൻഡർ എ.രൂപയും നാവികസേനയുടെ നിശ്ചല ദൃശ്യത്തിനൊപ്പം അണിനിരന്നു. വ്യോമസേനയുടെ പരേഡ് സംഘം മാര്‍ച്ച് ചെയ്യവേ, രണ്ട് റഫാലുകളും രണ്ട് സുഖോയ് 30 എംകെഐയും രണ്ട് മിഗ് 29 ഉം, ഒരു ജാഗ്വാറും ഉള്‍പ്പെട്ട യുദ്ധവിമാനങ്ങളുടെ കൂട്ടം സിന്ദൂറിന്‍റെ രൂപത്തില്‍ കര്‍ത്തവ്യപഥിന് മുകളിലൂടെ പാഞ്ഞു.

ജമ്മു രജൗറിയില്‍നിന്നുള്ള സിമ്രന്‍ ബാല എന്ന വനിതാ അസിസ്റ്റന്‍റ് കമന്‍ഡാന്‍റാണ് CRPF സംഘത്തെ നയിച്ചത്. ബിഎസ്എഫിന്‍റെ ഒട്ടകപ്പടയും കാഴ്ചക്കാരുടെ മനം കവര്‍ന്നു. കേരളത്തില്‍നിന്നടക്കം ആകെ 30 നിശ്ചല ദൃശ്യങ്ങള്‍ പരേഡിലുണ്ടായി. ബൈക്കുകളിലെ അഭ്യാസപ്രകടനം ശ്വാസമടക്കിയാണ് കാഴ്ചക്കാര്‍ വീക്ഷിച്ചത്. എല്ലാ വർഷവും ദേശീയ ആഘോഷങ്ങളിൽ വ്യത്യസ്ത തലപ്പാവുകൾ ധരിക്കാറുള്ള പ്രധാനമന്ത്രി ഇത്തവണ ചുവപ്പും മഞ്ഞയും കലർന്ന തലപ്പാവാണ് ധരിച്ചത്. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും കേന്ദ്രമന്ത്രിമാര്‍ക്കും പുറമെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പരേഡ് വീക്ഷിക്കാനെത്തി.

ENGLISH SUMMARY:

Republic Day celebrations showcased India's military might and cultural diversity. The parade featured military displays, cultural tableaux, and international guests, highlighting the nation's progress and unity.