AI Generated Image

AI Generated Image

വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി ഭീമമായ തുക ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വിദ്യാഭ്യാസവും ഉന്നത ജോലിയുമില്ലേയെന്നും ജോലി ചെയ്ത് ജീവിക്കൂവെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. വിചിത്രമായ ആവശ്യങ്ങളാണ് പരാതിക്കാരി ജീവനാംശം തേടിയുള്ള ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

നിങ്ങളൊരു ഐടി ജീവനക്കാരിയല്ലേ? എംബിഎ ബിരുദമില്ലേ? ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നല്ല ജോലി കിട്ടില്ലേ? ജോലി ചെയ്യാത്തത് എന്താണ്

മുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ എന്നിവയാണ് യുവതി ആവശ്യപ്പെട്ടത്. 18 മാസം മാത്രമാണ് യുവതിയുടെ വിവാഹബന്ധം നീണ്ടുനിന്നത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ്  ബി.ആര്‍.ഗവായ്, 'നിങ്ങളൊരു ഐടി ജീവനക്കാരിയല്ലേ? എംബിഎ ബിരുദമില്ലേ? ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നല്ല ജോലി കിട്ടില്ലേ? ജോലി ചെയ്യാത്തത് എന്താണ് എന്ന് ചോദ്യമുയര്‍ത്തി. കേവലം ഒന്നര വര്‍ഷം മാത്രമാണ് വിവാഹബന്ധം മുന്നോട്ട് പോയത്. എന്നിട്ട് നിങ്ങളിപ്പോള്‍ അതില്‍ നിന്നുള്ള നഷ്ടപരിഹാരമായി ബിഎംഡബ്ല്യു ആവശ്യപ്പെടുകയാണോ എന്നും ചീഫ് ജസ്റ്റിസ് ചോദ്യമുയര്‍ത്തി. 

താന്‍ ന്യായമായ ആവശ്യങ്ങള്‍ മാത്രമേ ഉന്നയിച്ചിട്ടുള്ളൂവെന്നും തന്‍റെ ഭര്‍ത്താവായിരുന്നയാള്‍ അതിസമ്പന്നനാണെന്നും യുവതി കോടതിയോട് ബോധിപ്പിച്ചു. തനിക്ക് ഭ്രാന്താണെന്ന് ആരോപിച്ചാണ് വിവാഹബന്ധത്തില്‍ നിന്നും ഭര്‍ത്താവ് ഒഴിഞ്ഞതെന്നും യുവതി ചൂണ്ടിക്കാട്ടി. യുവതിക്ക് താമസിക്കാന്‍ ഫ്ലാറ്റ് അനുവദിക്കാമെന്നും അല്ലെങ്കില്‍ ആവശ്യങ്ങളെല്ലാം തള്ളുമെന്നുമാണ് കോടതി മറുപടി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. വിദ്യാസമ്പന്നയും പരിചയ സമ്പന്നയുമാണ് യുവതിയെന്നും ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതിയും സമാന നിരീക്ഷണം നടത്തിയിരുന്നു. വിദ്യാസമ്പന്നരും ജോലിയുള്ളവരുമായ സ്ത്രീകള്‍ ഉയര്‍ന്ന തുക ജീവനാംശമായി ചോദിക്കുന്നത് നിയമം പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സ്ത്രീകളെ മടിയുള്ളവരും നിഷ്ക്രിയരുമാക്കുന്നതിനായല്ല ജീവനാംശം അനുവദിക്കുന്നതെന്നും മറിച്ച് തുല്യതയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും കുട്ടികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ഉള്ളതാണെന്നും ജസ്റ്റിസ് ചന്ദ്ര ധരി സിങ് അന്ന് വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Supreme Court criticizes a woman demanding a BMW and ₹12 crore as alimony after an 18-month marriage, urging her to use her education and job skills to earn a living. Discover the Chief Justice's stern remarks on financial independence post-divorce.