ലൈംഗികാതിക്രമ കേസില്‍ ആര്‍.ജെ.ഡി നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി. നീലലോഹിതദാസനെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി നല്‍കിയ അപ്പീലാണ് ആദ്യതവണ പരിഗണിച്ചപ്പോള്‍തന്നെ തള്ളിയത്. പരാതി നല്‍കാന്‍ രണ്ടുവര്‍ഷത്തെ കാലതാമസമുണ്ടായെന്നും പരാതിക്കാരിയുടെ വാദങ്ങളില്‍ സ്ഥിരതയില്ലെന്നും ജസ്റ്റിസ് ജെ.ബി.പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
1999–ല്‍ നീലലോഹിതദാസന്‍ വനം മന്ത്രിയായിരിക്കെ വനിതാ ഐഎഫ്എസ് ഉദ്യോഗസ്ഥയെ ഔദ്യോഗിക ചര്‍ച്ചയ്‌ക്കെന്നപേരില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നാണ് പരാതി. 2001ലാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയതും പൊലീസ് കേസെടുത്തതും. കേസില്‍ മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചത് പിന്നീട് കോഴിക്കോട് സെഷന്‍സ് കോടതി മൂന്ന് മാസമായി കുറച്ചിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഹൈക്കോടതി നീലലോഹിതദാസനെ കുറ്റവിമുക്തനാക്കിയത്. ഹൈക്കോടതി ഉത്തരവ് കേസിലെ വസ്തുതകളും പരിശോധിക്കാതെയാണ് എന്നായിരുന്നു പരാതിക്കാരിയുടെ വാദം.