ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവത്തിന് വഴിയൊരുക്കി ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ. കരാർ യാഥാർത്ഥ്യമാകുന്നതോടെ പ്രീമിയം കാറുകളുടെ ഇറക്കുമതി തീരുവ കുത്തനെ കുറയും. ബിഎംഡബ്ല്യുവും മെഴ്‌സിഡസ് ബെൻസും അടക്കമുള്ള ലക്ഷ്വറി ബ്രാൻഡുകൾക്ക് ഇത് വൻ അവസരമൊരുക്കുമ്പോൾ, ടാറ്റയും മഹീന്ദ്രയും ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഇനി യൂറോപ്യൻ കരുത്തന്മാർ കുറഞ്ഞ വിലയിൽ എത്തും. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ പ്രീമിയം കാർ വിപണിയിൽ വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 110 ശതമാനം വരെയാണ് തീരുവ. പുതിയ കരാർ പ്രകാരം ഇത് 40 ശതമാനത്തിലേക്ക് താഴും. ഇതോടെ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, ഫോക്‌സ്‌വാഗൺ, റെനോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രീമിയം മോഡലുകൾക്ക് വില വലിയ തോതിൽ കുറയും.
വിദേശ കാറുകൾക്ക് വില കുറയുന്നത് ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ ആഭ്യന്തര നിർമ്മാതാക്കൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാൻ അതീവ ജാഗ്രതയോടെയാണ് സർക്കാർ നീങ്ങുന്നത്. ഇന്ത്യൻ കമ്പനികളുടെ താൽപര്യം കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ തീരുവ ഇളവ് നൽകില്ല. അഞ്ച് വർഷത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ പുനർചിന്തനം ഉണ്ടാവുകയുള്ളൂ.