കീം പ്രവേശന പരീക്ഷാഫലത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരാമെന്നും നിലവില്‍ കോടതി ഇടപെട്ടാല്‍ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. വിഷയത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് കേരളം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അപ്പീല്‍ പോയാല്‍ പ്രവേശന നടപടികളെ ബാധിക്കുന്നതിനാലാണ് തീരുമാനമെന്നും കോടതിയെ ബോധിപ്പിച്ചു.
ഹൈക്കോടതി വിധിയും പുതിയ റാങ്ക് പട്ടികയും റദ്ദാക്കണമെന്നാണ് കേരള സിലബസ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യം ഉന്നയിച്ചു. കേരള സിലബസ് വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണനാണ് ഹാജരായത്. അതേസമയം, തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ തടസഹര്‍ജി നല്‍കിയത്. പ്രോസ്പെക്ടസില്‍ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളും പ്രോസ്പെക്ടസിലെ മാറ്റം നിയമവിരുദ്ധമാണെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികളും വാദം ഉയര്‍ത്തിയിരുന്നു.
അതേസമയം, വിഷയത്തില്‍ സര്‍ക്കാരിന്‍റെ അഭിപ്രായം സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും AICTE സമയപരിധിയില്‍ ഇളവ് നല്‍കുമെങ്കില്‍ അപ്പീല്‍ നല്‍കാന്‍ തയാറാണെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.