സാഹസികമായോ അശ്രദ്ധമായോ അപകടകരമായോ വാഹനമോടിച്ച്  അപകടത്തില്‍പ്പെടുന്നവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീം കോടതി. അമിത വേഗതയിൽ കാർ ഓടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ടയാളുടെ ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കും നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ്  സുപ്രീംകോടതിയുടെ ഈ  നിരീക്ഷണം. മരിച്ചയാളുടെ ഭാഗത്തുനിന്നുള്ള തെറ്റ് മൂലമാണ് മരണം സംഭവിക്കുന്നതെങ്കിൽ കുടുംബാംഗങ്ങൾക്ക്  നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയില്ലെന്ന്  കോടതി വ്യക്തമാക്കി. 

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധുക്കൾ സമർപ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ഹര്‍ജിക്കാരുടെ ഇതേ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതിയും തള്ളിയിരുന്നു. കര്‍ണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

2014 ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മല്ലസാന്ദ്ര ഗ്രാമത്തിൽ നിന്ന് അരസിക്കെരെ പട്ടണത്തിലേക്ക് തന്‍റെ അച്ഛനും സഹോദരിയും കുട്ടികളുമായി യാത്രചെയ്യുകയായിരുന്ന എൻ.എസ്. രവിഷയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അരസിക്കെരെയിലെ മൈലനഹള്ളി ഗേറ്റിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ടവാഹനം റോഡില്‍ മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെടുന്നതിന് മുമ്പ് വാഹനം അമിതവേഗതയിലായിരുന്നുവെന്നും ഗതാഗത നിയമങ്ങൾ ലംഘിച്ചതായും സ്ഥിരീകരിച്ചിരുന്നു. 

പ്രതിമാസം 3 ലക്ഷം രൂപ വരുമാനമുള്ള  കോൺട്രാക്ടറായിരുന്നു മരിച്ച രവീഷ. പിന്നാലെ രവീഷയുടെ ഭാര്യയും മകനും മാതാപിതാക്കളും 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ രവീഷയുടെ അശ്രദ്ധയും അപകടകരവുമായ ഡ്രൈവിങ് മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് രവീഷയുടെ ബന്ധുക്കൾ നൽകിയ ഹർജി തള്ളുകയായിരുന്നു.

ENGLISH SUMMARY:

The Supreme Court ruled that insurance companies aren't liable to compensate families if the insured dies due to rash or negligent driving. The ₹80 lakh claim by a Karnataka family was dismissed.