red-fort-travelers

TOPICS COVERED

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ പണി കഴിപ്പിച്ചതാണ് ചെങ്കോട്ട. എല്ലാ സ്വാതന്ത്ര്യ ദിനത്തിനും പ്രധാനമന്ത്രി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഇടം. എന്നാല്‍ ഇപ്പോളിതാ ചെങ്കോട്ടയില്‍ അവകാശം ഉന്നയിച്ച് മറ്റൊരു ‘അവകാശി’ രംഗത്തെത്തിയിരിക്കുകയാണ്. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫർ രണ്ടാമന്‍റെ കൊച്ചുമകന്‍റെ  വിധവയാണ് തനിക്ക് ചെങ്കോട്ട കൈമാറണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

സുൽത്താന ബീഗത്തിന്‍റെ അപ്പീല്‍  സുപ്രീം കോടതി തള്ളി.   ‘എന്തുകൊണ്ട് ചെങ്കോട്ട മാത്രമാക്കുന്നു, പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനം അക്ബറിന്‍റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഫത്തേപൂർ സിക്രി, പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ പണികഴിപ്പിച്ച താജ്മഹൽ ഇതൊന്നും വേണ്ടേ  എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ചോദ്യം. നിങ്ങള്‍ ശരിക്കും ഇതില്‍ വാദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും കോടതി  ചോദിച്ചു. ചെങ്കോട്ടയുടെ യഥാർത്ഥ ഉടമകളുടെ അതായത് മുഗൾ ചക്രവർത്തിമാരുടെ നേരിട്ടുള്ള പിൻഗാമിയാണെന്നും അതിനാല്‍ ചെങ്കോട്ട തനിക്ക് തരണമെന്നുമായിരുന്നു കൊൽക്കത്തയ്ക്കടുത്തുള്ള ഹൗറയിൽ താമസിക്കുന്ന സുൽത്താന ബീഗത്തിന്‍റെ ആവശ്യം.

ചെങ്കോട്ട അല്ലെങ്കില്‍ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ഉണ്ടായിരുന്നു. സർക്കാർ ചെങ്കോട്ട 'നിയമവിരുദ്ധമായി' കൈവശപ്പെടുത്തിയെന്നും അതിന്‍റെ സ്വത്തിനും ചരിത്രപരമായ മൂല്യത്തിനും അനുസൃതമായി മതിയായ നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്തത് ഭരണഘടനയുടെ ആർട്ടിക്കിൾ 300A പ്രകാരമുള്ള തന്റെ മൗലികാവകാശങ്ങളുടെയും അവകാശങ്ങളുടെയും നേരിട്ടുള്ള ലംഘനമാണെന്നും അവർ ആരോപിക്കുന്നുണ്ട്.

മാത്രമല്ല ഇതാദ്യമായല്ല സുൽത്താന ബീഗം ഇത്തരത്തില്‍ ചെങ്കോട്ടയിന്‍മേല്‍ വാദം ഉന്നയിക്കുന്നത്. 2021ലും സമാനവാദവുമായി ഇവര്‍ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. 1960 ൽ ബഹദൂർ ഷാ സഫർ രണ്ടാമന്റെ പിൻഗാമിയും അനന്തരാവകാശിയുമായ തന്റെ ഭർത്താവ് ബേദർ ബഖ്തിന്റെ അവകാശവാദം സർക്കാർ സ്ഥിരീകരിച്ചതായി സുൽത്താന ബീഗം പറയുന്നുണ്ട്. 1980-ൽ അദ്ദേഹത്തിന്റെ മരണശേഷം സർക്കാർ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ ഈ പെൻഷൻ തന്റെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ലെന്ന് അവർ വാദിച്ചിരുന്നു. എന്നാൽ, ഈ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പിന്നാലെ മൂന്ന് വർഷത്തിന് ശേഷം അവര്‍ ആ വിധിക്കെതിരെ വീണ്ടും അപ്പീല്‍ നല്‍കുകയായിരുന്നു. എന്നിരുന്നാലും ആദ്യ വിധിക്ക് ശേഷം വളരെ വൈകിയാണ് അപ്പീൽ സമർപ്പിച്ചതെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് അപ്പീൽ തള്ളിയത്. 

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷമാണ് മുഗള്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടം ചെങ്കോട്ട പിടിച്ചെടുക്കുന്നത്. പിന്നാലെ മുഗള്‍ ഭരണാധികാരി ബഹാദൂർ ഷാ സഫർ രണ്ടാമനെ നാടുകടത്തുകയും അദ്ദേഹത്തിന്റെ ഭൂമിയും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു.

ENGLISH SUMMARY:

Sultana Begum, widow of the great-grandson of the last Mughal emperor Bahadur Shah Zafar II, approached the Supreme Court claiming ownership of Delhi’s historic Red Fort. Arguing that the property was unlawfully taken by the government, she sought either its return or compensation. The court dismissed the plea, questioning why she was claiming only the Red Fort and not other Mughal sites like Fatehpur Sikri or the Taj Mahal.