bangla-india

TOPICS COVERED

ബംഗ്ലദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയേയും എട്ടുവയസുകാരനായ കുട്ടിയേയും ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡയിലൂടെയാണ് ഒമ്പത് മാസം ഗര്‍ഭിണിയായ സോണാലി ഖത്തൂനെയും മകനേയും ജില്ലാ ഭരണകൂടത്തിന്റേയും ഉദ്യോഗസ്ഥരുടേയും ബിഎസ്എഫിന്റേയും സാന്നിധ്യത്തില്‍ ഇന്ത്യയിലെത്തിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഇരുവരേയും തിരിച്ച് ഇന്ത്യയിലെത്തിച്ചത്.

ഖത്തൂനും ഭര്‍ത്താവ് ഡാനിഷ് ഷേയ്ഖും ഉള്‍പ്പെടെ ആറുപേരെ കഴിഞ്ഞ ജൂണിലാണ് ബംഗ്ലദേശി പൗരന്‍മാരെന്നാരോപിച്ച് ഡല്‍ഹി പൊലീസ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം ബിഎസ്എഫ് നാടുകടത്തുകയും ചെയ്തു. ഇതിനു പിന്നാലെ ഖത്തൂന്റെ പിതാവ് ബോഡു ഷേയ്ഖ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇവര്‍ക്ക് അനുകൂലമായി തീരുമാനമെടുത്തത്. യുവതിയുടെ പിതാവിന്റെ പൗരത്വം ചോദ്യം ചെയ്യാത്തിടത്തോളം കാലം ഖത്തൂനും മകനും ഇന്ത്യക്കാര്‍ തന്നെയെന്ന് കോടതി പ്രസ്താവിച്ചു. 

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കഴിഞ്ഞ ദിവസം മാള്‍ഡയില്‍ നടന്ന റാലിക്കിടെ ഖത്തൂന്റെ പ്രശ്നം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ പൗരന്‍മാരെ എങ്ങനെയാണ് ബംഗ്ലദേശി പൗരന്‍മാരെന്ന് മുദ്ര കുത്തുക? എന്നതായിരുന്നു മമത മുന്നോട്ടുവച്ച ചോദ്യം. ബിഎസ്എഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ ഗര്‍ഭിണിയേയും കുഞ്ഞിനേയും നാടുകടത്തിയെന്നും മമത ആരോപിച്ചു. 

ENGLISH SUMMARY:

Sonali Khatun, along with her eight-year-old child, was repatriated to India following a Supreme Court order after being deported to Bangladesh. The Supreme Court stated that as long as the woman's father's citizenship is not questioned, she and her son are Indian citizens.