ഗുണ്ടാതലവനായ വരന്‍റെ അറസ്റ്റോടെ ആഘോഷമായി നടക്കേണ്ട വിവാഹം മുടങ്ങി. ഭോപ്പാലിലാണ് സംഭവം. വിവാഹമണ്ഡപത്തിലേക്ക് കയറിവന്ന പൊലീസ് ഗുണ്ടാത്തലവനായ വരനെ അറസ്റ്റ് ചെയ്തതോടെ ആകെ ബഹളമയം. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ വധു താലികെട്ടിനായി വരനെ വിട്ടുതരണമെന്ന് പൊലീസിനോട് കരഞ്ഞപേക്ഷിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.
കോ-ഇ-ഫിസ പോലീസ് സ്റ്റേഷനിലെത്തിയാണ് വധു സീമ തന്‍റെ വേദന പൊലീസിനോട് കരഞ്ഞുപറഞ്ഞത്. എന്‍റെ ജീവിതം നശിച്ചുപോകുമെന്നും, ഞാന്‍ ചെയ്ത തെറ്റെന്താണെന്നും സീമ പൊലീസിനോട് ചോദിക്കുന്നു. വരന്‍ ആകാശ് ചെയ്ത കുറ്റങ്ങളൊന്നും തനിക്ക് ബോധ്യമുള്ളവയല്ലെന്നും വീട്ടില്‍ അതിഥികളെല്ലാം കാത്തിരിക്കുകയാണെന്നും ഹല്‍ദിയുള്‍പ്പെടെ പൂര്‍ത്തിയായെന്നും വധു പൊലീസിനോട് പറയുന്നു.
ഒരു രണ്ടുമണിക്കൂര്‍ നേരത്തേക്ക് ആകാശിനെ വിട്ടുതരണമെന്നും സീമ ആവശ്യപ്പെട്ടു, എന്നാല്‍ സീമയുെട ആവശ്യം പൊലീസ് നിഷേധിച്ചതോടെ പൊലീസ് കസ്റ്റഡിയില്‍ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും വധു അപേക്ഷിച്ചു. എന്നാല്‍ ഈ ആവശ്യവും നിയമം പറഞ്ഞ് പൊലീസ് നിരാകരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പൊലീസ് സംഘം ആകാശ് നീല്‍കാന്തിന്‍റെ വിവാഹവേദിയിലേക്ക് എത്തിയത്. ‘ഇല്ലീഗല്‍ ഗ്യാങ്’ എന്നറിയപ്പെടുന്ന ഗുണ്ടാസംഘത്തിന്‍റെ തലവനാണ് ആകാശ്.
ആകാശിനൊപ്പം കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡില്‍ വിട്ടു. 2018 മുതല്‍ ഭോപ്പാലില്‍ ഉയര്‍ന്ന് കേള്‍കകുന്ന പേരാണ് ഇല്ലീഗല്‍ ഗ്യാങ്ങിന്‍റേത്. ‘ഇല്ലീഗല്‍’ എന്ന് ടാറ്റൂ ചെയ്ത അന്‍പതോളം യുവാക്കളാണ് ഈ ഗ്യാങ്ങിന്‍റെ ഭാഗമായുള്ളത്. കൊലപാതകമുള്‍പ്പെടെ 31 കേസുകള്‍ ചുമത്തപ്പെട്ട പ്രതിയാണ് ആകാശെന്ന് പൊലീസ് വ്യക്തമാക്കുന്നു.
2024ല്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെടെ 18മാസത്തോളം ജയിലില്‍ കഴിഞ്ഞ പ്രതിയാണ് ആകാശ്. നാലുമാസം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. 26കാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാളെ ഇപ്പോള്‍ വിവാഹവേദയിലി നിന്നും പിടികൂടിയിരിക്കുന്നത്.