കടലൂരിൽ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ഒമാൻ. ഇതോടെ നാമക്കൽ മേഖലയിൽ ആറ് കോടി മുട്ടകൾ കയറ്റുമതി ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നു. ഒമാനിൽ നിന്നുള്ള ഇറക്കുമതിക്കാർ ഓർഡറുകൾ നൽകുന്നതിൽ ആശങ്കയിലായതും ശബരിമല സീസൺ ആരംഭിച്ചതും ‘എഗ് സിറ്റി’ എന്നറിയപ്പെടുന്ന നാമക്കലിലെ മുട്ടവില ഇടിയാൻ കാരണമായി. നവംബർ 7-ന് 6.70 രൂപയായിരുന്ന മുട്ടയുടെ സംഭരണവില ശബരിമല സീസണിന്റെ പശ്ചാത്തലത്തിൽ നവംബർ 12 മുതൽ കുറയാൻ തുടങ്ങുകയും ഞായറാഴ്ചയോടെ 5.60 രൂപയിലേക്ക് താഴുകയും ചെയ്തു.
1,600-ലധികം കോഴിഫാമുകളുള്ള നാമക്കലിൽ പ്രതിദിനം ഏകദേശം 6 മുതൽ 7 കോടി വരെ മുട്ടകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇവ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്കും കേരളം, കർണാടക, പുതുച്ചേരി തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. നാമക്കലിൽ നിന്ന് മാത്രം ഏകദേശം 2 മുതൽ 3 കോടി വരെ മുട്ടകൾ ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഓൾ ഇന്ത്യ പൗൾട്രി പ്രോഡക്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി വാത്സൻ പരമേശ്വരൻ വ്യക്തമാക്കി. കടലൂരിലെ ചെറിയൊരു ഫാമിൽ മാത്രമാണ് പക്ഷിപ്പനി ബാധിച്ചിട്ടുള്ളതെന്നും, അവിടെ നിന്ന് 200 കിലോമീറ്ററിലധികം അകലെയുള്ള നാമക്കൽ പൂർണ്ണമായും രോഗമുക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർശന ജൈവസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നാമക്കലിലെ ഫാമുകൾ പ്രവർത്തിക്കുന്നതെന്നും പുറത്തേക്ക് പോകുന്ന ഓരോ മുട്ടയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച വരെ നിറച്ചുവെച്ച 30-ലധികം റഫ്രിജറേറ്റഡ് കണ്ടെയ്നറുകളുടെ വേഗത്തിലുള്ള കയറ്റുമതിയും ക്ലിയറൻസും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വാത്സൻ പരമേശ്വരൻ ആവശ്യപ്പെട്ടു. ലോക മൃഗാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നാമക്കൽ ലെയർ സോണിനെ രോഗമുക്ത മേഖലയായി സാക്ഷ്യപ്പെടുത്തി അടിയന്തര സാനിറ്ററി വ്യക്തത സർക്കാർ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെയും കയറ്റുമതിക്കാരുടെയും അടിയന്തര സംഘത്തെ യു.എ.ഇ, ഒമാൻ, ഖത്തർ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് അയച്ച് ഇന്ത്യൻ മുട്ടകളുടെ സുരക്ഷയും ഗുണനിലവാരവും വിദേശത്തേക്ക് ഇറക്കുമതി ചെയ്യുന്നവരെ ബോധ്യപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.