ജാതി വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിലൂടെ ശ്രദ്ധേയനായ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു 

അന്ത്യം. ഹൈക്കോടതി സിറ്റിങ് ജഡ്ജിയായിരിക്കെ കോടതിയലക്ഷ്യക്കേസില്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായിരിക്കെ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കർണൻ.  കോടതി ശിക്ഷിച്ചപ്പോൾ ഒളിവിൽ പോയ അദ്ദേഹം പിന്നീട് കീഴടങ്ങുകയായിരുന്നു. 

 

അഴിമതിക്കാരെന്നു വിശേഷിപ്പിച്ച് 20 സഹ ജഡ്ജിമാരുടെ പേരുകൾ പ്രഖ്യാപിക്കുകയും ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടക്കമുള്ളവർക്കു കത്തെഴുതുകയും ചെയ്തതോടെയാണു ജസ്റ്റിസ് കർണനും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണു ജസ്റ്റിസ് കർണൻ, സഹജഡ്ജിമാർക്കെതിരെ തിരിഞ്ഞത്. 

 

കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായ കർണൻ, അന്നു ജഡ്ജിമാർ തന്നെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി പട്ടികവിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഉൾപ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാർക്കെതിരെ കേസെടുത്തു സമൻസ് പുറപ്പെടുവിച്ചു.  സുപ്രീം കോടതി ജഡ്ജിമാർ ജസ്റ്റിസ് കർണന്റെ മാനസികനില പരിശോധിക്കണമെന്ന് നിർദേശിച്ചു. കർണൻ പിറ്റേന്ന് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറന്റാണു പുറപ്പെടുവിച്ചത്. സുപ്രീം കോടതി ഉത്തരവു പ്രകാരം അദ്ദേഹത്തെ പരിശോധിക്കാൻ മെഡിക്കൽ സംഘം വീട്ടിലെത്തിയെങ്കിലും അദ്ദേഹം പരിശോധനയ്ക്കു വിസമ്മതിച്ചു. മേയ് എട്ടിന് ചീഫ് ജസ്റ്റിസ് കേഹാർ അടക്കം ഏഴു സുപ്രീം കോടതി ജഡ്ജിമാർക്കും അഞ്ചു വർഷ കഠിനതടവ് വിധിച്ച് ജസ്റ്റിസ് കർണൻ ഉത്തരവിട്ടതോടെ പോര് വഴിവിട്ടു. 

 

കൊൽക്കത്തയിൽനിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിൽ കർണൻ യാത്രചെയ്യവേയാണു ചരിത്രപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഉത്തരവു നടപ്പാക്കാൻ ചുമതലപ്പെട്ട ബംഗാൾ പൊലീസാകട്ടെ, അന്നു മുതൽ ത്രിശങ്കുവിലായി. ആന്ധ്രയിലും തമിഴ്നാട്ടിലുമായി അൻപതിലേറെ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് അദ്ദേഹത്തെ കോയമ്പത്തൂരിൽനിന്നു പിടികൂടിയത്. 

ENGLISH SUMMARY:

Malayala Manorama Online News reports that former Madras High Court judge Justice C.S. Karnan, known for speaking out against caste discrimination and his unprecedented legal battles with the Supreme Court, has passed away at his residence in Chennai. He made history as the first sitting High Court judge to be sentenced to imprisonment for contempt of court.