മുൻകാലങ്ങളിൽ പടക്കങ്ങൾ നിർമ്മിച്ചിരുന്നത് രാസവസ്തുക്കൾ ചേർക്കാതെയായിരുന്നുവെന്നും, അവ കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സഹായിച്ചിരുന്നുവെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ദീപാവലിക്ക് ശേഷമുള്ള പടക്കം പൊട്ടിക്കലിന്റെ പ്രത്യാഘാതങ്ങൾ മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നിരവധി നഗരങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് മോഹൻ ഭാഗവതിന്റെ പരാമർശം.
നാഗ്പൂരിൽ നടന്ന 'ദീപാവലി മിലൻ' പരിപാടിയിൽ സംസാരിക്കവെയാണ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട നിരവധി പരമ്പരാഗത ആചാരങ്ങൾക്ക് പിന്നിൽ ശാസ്ത്രീയമായ യുക്തിയുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞത്. പണ്ടുകാലത്ത് ഇതേ ലക്ഷ്യം നേടുന്നതിന് മറ്റ് ബദൽ മാർഗങ്ങൾ ഇല്ലാതിരുന്നതിനാലാണ് പടക്കങ്ങൾ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘പഴയകാലത്തെ പടക്കങ്ങൾ ഇന്നത്തേതുപോലെ രാസവസ്തുക്കൾ ഉപയോഗിച്ചല്ല നിർമ്മിച്ചിരുന്നത്. അവയുടെ പുക, പ്രത്യേകിച്ച് വിളവെടുപ്പ് കാലത്ത് കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാൻ സഹായിക്കുകയും, ഒരു തരത്തിൽ അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ചെയ്തിരുന്നു,’ അദ്ദേഹം പറഞ്ഞു.
‘നെയ്യോ എണ്ണയോ ഉപയോഗിച്ച് വിളക്കുകൾ തെളിയിക്കുമ്പോൾ, അത് അന്തരീക്ഷത്തിൽ ഒരു പ്രത്യേകതരം വായു സൃഷ്ടിക്കുന്നു. ഈ ആചാരങ്ങൾക്ക് പിന്നിലും ശാസ്ത്രമുണ്ട്.’ദീപാവലി ദിനത്തിൽ നെയ്യും എണ്ണയും ഉപയോഗിച്ച് വിളക്കുകൾ തെളിയിക്കുന്നതിന്റെ ഉദ്ദേശം വിശദീകരിച്ചുകൊണ്ട് മോഹൻ ഭാഗവത് ഇങ്ങനെ പറഞ്ഞു.
ഇത്തരം പരമ്പരാഗത ആചാരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും അവയുടെ ശരിയായ അന്തസത്ത ഉൾക്കൊണ്ട് ഉത്സവങ്ങൾ ആഘോഷിക്കാനും ആളുകളോട് ആഹ്വാനം ചെയ്ത ഭാഗവത്, ഇത് മനുഷ്യർക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും പറഞ്ഞു. ഉത്സവങ്ങളും ആഘോഷങ്ങളും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും എതിർപ്പുകൾക്കിടയിലും അവ തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
‘ഉത്സവങ്ങളാണ് സമൂഹത്തെ സജീവമായി നിലനിർത്തുന്നത്. ആരൊക്കെ എത്രയൊക്കെ തടയാൻ ശ്രമിച്ചാലും അവ നിൽക്കില്ല, കാരണം സമൂഹത്തെ ഊർജ്ജസ്വലമായി നിലനിർത്താൻ അവ അത്യന്താപേക്ഷിതമാണ്. ശരിയായ അന്തസ്സത്തയോടെ അവ ആഘോഷിക്കുകയും അതിൽ നിന്ന് ഉദ്ദേശിച്ച ഗുണങ്ങൾ നേടിയെടുക്കുകയും ചെയ്യുക എന്നതാണ് പ്രധാനം,’ അദ്ദേഹം പറഞ്ഞു.
ഇരുട്ടിന്മേൽ വെളിച്ചം നേടുന്ന വിജയത്തിന്റെ പ്രതീകമായാണ് ദീപാവലിയെ വിശേഷിപ്പിക്കുന്നതെന്നും, അറിവിന്റെ വെളിച്ചം പരത്തുന്നതിനും സൗഹാർദ്ദപരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ ഉത്സവമെന്നും ഭാഗവത് കൂട്ടിച്ചേർത്തു.