സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്' ഇന്ന് വിപണിയിൽ. ഈ മാസം പതിനാറിനാണ് ഔദ്യോഗിക പ്രകാശന ചടങ്ങ്.  വ്യക്തിജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും നിർണായക സംഭവങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം ഹാർപ്പർ കോളിൻസാണ് പ്രസിദ്ധീകരിക്കുന്നത്. ഗാന്ധി കുടുംബത്തെയും കോൺഗ്രസ് രാഷ്ട്രീയത്തെയും പറ്റിയുള്ള നിരവധി വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട് എന്നാണ് സൂചന.

അഞ്ച് പതിറ്റാണ്ടിലധികമായി ഇന്ത്യൻ രാഷ്ട്രീയത്തെ ഏറ്റവും അടുത്തുനിന്ന് നോക്കി കണ്ട വ്യക്തിത്വമാണ് സോണിയാ ഗാന്ധിയുടേത്. പതിറ്റാണ്ടുകൾ ഇന്ത്യയുടെ അധികാരം നിയന്ത്രിച്ച രാഷ്ട്രീയ കുടുംബത്തിലെ അംഗം, ശേഷം പാർട്ടി നേതൃത്വത്തിൽ. ഇതെല്ലാമുണ്ടായിട്ടും സ്വന്തം ജീവിതാനുഭവങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെട്ടയാളാണ് സോണിയാ ഗാന്ധി. അത്തരമൊരു വ്യക്തിത്വമാണ് മനസ്സ് തുറക്കുന്നത് എന്നതാണ് ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്ന്‍റെ പ്രത്യേകത. രാജീവ് ഗാന്ധി എന്ന ഇന്ത്യക്കാരൻ യുവാവിനോടുള്ള പ്രണയം മൂലം മാത്രം, തീർത്തും വ്യത്യസ്തമായ സംസ്കാരവും ഭാഷയും ഭക്ഷണ രീതിയുമെല്ലാമുള്ള ഒരു രാജ്യത്തേക്ക്,,, ചെറുപ്രായത്തിൽ കടൽകടന്നുള്ള ആ യാത്ര ചെന്നെത്തിയത് വെല്ലുവിളികൾ മാത്രം നിറഞ്ഞ ലോകത്തേക്കായിരുന്നു. ഇന്ത്യയിലെ ഒന്നാം നമ്പർ കുടുംബത്തിലെ ജീവിതം കാറും കോളും നിറഞ്ഞതെങ്കിലും തനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് സോണിയ അടിവരയിടുന്നു. 

അടിയന്തരാവസ്ഥയോട് തനിക്കുണ്ടായിരുന്ന വിയോജിപ്പിനെക്കുറിച്ച് ആദ്യമായി അവർ തുറന്ന് പറയുന്നു. കുടുംബത്തിലെ രണ്ട് വൻ ദുരന്തങ്ങൾ, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വങ്ങൾ മറികടന്ന അനുഭവങ്ങൾ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പക്ഷേ അപൂർവമായ കഥയാണ്. പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടപ്പോൾ നാലുപതിറ്റാണ്ട് ജീവിച്ച രാജ്യത്തെ പൗരത്വത്തിന്‍റെ പേരിൽ ചോദ്യം ചെയ്യപ്പെട്ടതിന്‍റെ വേദന സോണിയാ ഗാന്ധി മറച്ചുവയ്ക്കുന്നില്ല. പക്ഷേ, എതിർചേരിയുടെ നിലപാടിനെ ഇന്നും അവർ മാനിക്കുന്നു. ഇത്തരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെയും കോൺഗ്രസ് രാഷ്ട്രീയത്തിലെയും അപൂർവ ഏടുകളുടെ സംഗമമാണ് പുസ്തകം. ദേശീയ രാഷ്ടീയത്തിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുമ്പോഴാണ് സോണിയാ ഗാന്ധിയുടെ ആത്മകഥ വിപണിയിലെത്തുന്നത്.

ENGLISH SUMMARY:

Sonia Gandhi autobiography offers a rare glimpse into the personal and political life of one of India's most influential leaders through her new memoir, 'Belonging, A Journey of Love'. Published by Harper Collins, the book reveals crucial insights into the Gandhi family, Congress politics, and her extraordinary journey from Europe to the heart of Indian democracy.