AI Generated Image

AI Generated Image

TOPICS COVERED

ഉത്തർപ്രദേശിലെ സഹാറൻപൂരില്‍ സഹായം അഭ്യർഥിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ വിരമിച്ച പൊലീസ് ഓഫിസർക്കും ഇൻസ്പെക്ടർക്കും 20 വർഷം കഠിനതടവ്. 11 വർഷത്തിലേറെ നീണ്ട നിയമപോരാത്തിനൊടുവിലാണ് സഹാറൻപൂർ കോടതിയുടെ നിർണായക വിധി. വിരമിച്ച സർക്കിൾ ഓഫിസർ ബ്രിജ്മോഹൻ യാദവ്, ഇൻസ്പെക്ടർ വേദപാൽ സിങ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 

‌2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയുടെ ഭർത്താവിനെ പൊലീസ് വ്യാജ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കാനും സഹായം അഭ്യർഥിച്ചുമാണ് യുവതി തന്റെ പത്താം ക്ലാസ് വിദ്യാർഥിയായ മകനും കുടുംബത്തിലെ മറ്റ് സ്ത്രീക്കുമൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ യുവതിയോട് അകത്തേക്ക് കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.   

തുടർന്ന് സ്റ്റേഷനിലെത്തിയ യുവതിയെയും ബന്ധുവിനെയും പ്രതികൾ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ മകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും, വിവരം പുറത്തുപറഞ്ഞാൽ ഭർത്താവിനെതിരെ കൂടുതൽ വ്യാജ കേസുകൾ ചുമത്തി വർഷങ്ങളോളം ജയിലിൽ കിടത്തുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പൊലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടി വന്നത്. കേസിൽ നീതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിധിക്ക് ശേഷം അതിജീവിത പ്രതികരിച്ചു. എന്നാൽ വിധിക്ക് എതിരായി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A Saharanpur court in Uttar Pradesh sentenced a retired Circle Officer and a police inspector to 20 years of rigorous imprisonment for gang-raping a woman inside a police station. The horrific crime took place in August 2015 when the victim approached the station seeking help after her husband was arrested on fabricated charges. Despite facing severe threats to her son's life and initial police refusal to register a case, the survivor courageously pursued a legal battle for over 11 years. Justice was finally served after the Allahabad High Court intervened and directed law enforcement to file an FIR and prosecute the guilty officers.