ജീവന്‍ പേടിച്ച് രാജ്യത്തെ സേവിക്കുന്നവരല്ല നമ്മുടെ സൈനികരും അര്‍ധസൈനിക വിഭാഗങ്ങളും. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ ഒരുമടിയുമില്ലാത്തവരാണ് നമ്മുടെ സേനാംഗങ്ങള്‍. 47 വർഷത്തിനിടെ ആദ്യമായി, ഒരുവർഷം ദൗത്യത്തിനിടെ ഒരു ജവാനുപോലും ജീവന്‍ നഷ്ടമായിട്ടില്ല. കേന്ദ്രസേനകളിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളുള്ള സിആര്‍പിഎഫിന്‍റേത് വന്‍ നേട്ടമാണ്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജി.പി.സിങ് തന്നെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.

സിആര്‍പിഎഫ് മേധാവി ജി.പി.സിങ് സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ: ‘സിആർപിഎഫിന്റെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്. 2025 ഒക്ടോബർ 30നായിരുന്നു സേനയിലെ ദൗത്യത്തിനിടെയുള്ള അവസാന മരണം. 47 വർഷത്തിനുശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. 1979 ജനുവരിയിലായിരുന്നു ഇതിന് മുന്‍പ് സമാനമായ കാലയളവ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയതും ആധുനികവുമായ ആയുധങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയത്, മെച്ചപ്പെട്ട പരിശീലനം, തന്ത്രപരമായ ആസൂത്രണം എന്നിവ ഈ നേട്ടത്തിൽ നിർണായകമായി. അപകടങ്ങൾക്ക് പിന്നാലെയുള്ള രക്ഷാപ്രവർത്തനങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകി. പരുക്കേറ്റ ജവാന്‍മാരെ അതിവേഗം ഉയർന്ന ചികില്‍സാ സൗകര്യങ്ങളുള്ള ആശുപത്രികളിൽ എത്തിച്ചതും നേട്ടത്തിന് സഹായകമായി.

പ്രധാന പ്രവർത്തന മേഖലകളിലെല്ലാം സേനയുടെ വിന്യാസവും ദൗത്യങ്ങളും തുടരുന്നതിനിടെയാണ് ഈ നേട്ടം. വിവിധ മേഖലകളിൽ നിർണായക മുന്നേറ്റങ്ങളും കൈവരിക്കാനായി. രാജ്യത്തെ സമാധാനപൂർണവും സുരക്ഷിതവുമായി നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. രാജ്യത്തെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം സിആര്‍എഫിനെ സജീവമായി വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, മാവോയിസ്റ്റ് ബാധിതമായ പ്രദേശങ്ങള്‍, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സിആര്‍പിഎഫിനെ വിന്യസിച്ചിരിക്കുന്നത്.

അതേസമയം, സിആർപിഎഫിൽ മറ്റൊരു വെല്ലുവിളി നിലനിൽക്കുന്നുണ്ട്. സേനാംഗങ്ങൾ ആത്മഹത്യ ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നതാണ് വെല്ലുവിളി. 2026 ജനുവരി മുതൽ മേയ് വരെ 19 സിആർപിഎഫ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തെന്ന റിപ്പോർട്ടിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും സിആർപിഎഫ് മേധാവിയോടും വിശദമായ റിപ്പോർട്ട് തേടിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, 281 സിആര്‍പിഎഫ് ജവാന്‍മാര്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.

ENGLISH SUMMARY:

CRPF has achieved a historic milestone with zero casualties during missions over the past year, marking a first in 47 years. This remarkable success is attributed to improved training, modern equipment, and strategic planning, even as the force continues to address internal challenges like rising suicide rates.