സോഷ്യല്‍ മീഡിയിലെ പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചോദ്യവുമായി സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ കാലത്ത് ഫെയ്സ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങൾക്ക് മേൽ ഇന്നത്തെപ്പോലെ കർശന നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും ഉണ്ടായിരുന്നെങ്കിൽ നരേന്ദ്ര മോദിക്ക് ഇത്രത്തോളം മുന്നേറാൻ കഴിയുമായിരുന്നോ എന്ന് അഭിജിത് ദീപ്കെ ചോദിക്കുന്നു.

'നരേന്ദ്ര മോദി ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ചെയ്യുന്നതുപോലെ മന്‍മോഹന്‍ സിങ്ങ് ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും നിയന്ത്രണമേര്‍പ്പെടുത്തിയെന്നുവെക്കുക. എങ്കില്‍ മോദി ഇത്രയും ദൂരം എത്തുമായിരുന്നോ?'- അഭിജീത് ദീപ്കെ തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിച്ചു.

അതേസമയം നേരത്തെ പങ്കുവച്ച മറ്റൊരു പോസ്റ്റില്‍  സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലൂടെയും മറ്റും സര്‍ക്കാരിന് ജനങ്ങളുടെ വാ മൂടിക്കെട്ടാന്‍ കഴിയില്ലെന്ന് അഭിജിത് ദീപ്തെ പ്രതികരിച്ചു. ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു മാധ്യമം മാത്രമാണ് ഇന്‍സ്റ്റഗ്രാമെന്നും ആ ചോദ്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ സോഷ്യൽ മീഡിയയ്ക്ക് അപ്പുറമാണെന്നും അക്കൗണ്ടുകൾ പിൻവലിക്കുന്നത് കൊണ്ട് അവ അപ്രത്യക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഏര്‍പ്പെടുത്തുന്ന ഇത്തരം സെന്‍സര്‍ഷിപ്പ് ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവിശ്വാസം സൃഷ്ടിക്കാന്‍ മാത്രമെ ഉപകാരപ്പെടുകയുള്ളുവെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2026 മാർച്ചിനും ജൂലൈയ്ക്കുമിടയിൽ ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക്, യൂട്യൂബ് എന്നിവയിലെ 1.95 ലക്ഷത്തോളം ഉള്ളടക്കങ്ങളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ 'സഹയോഗ്' പോർട്ടൽ വഴിയാണ് കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഇതിൽ ഭൂരിഭാഗവും പുറപ്പെടുവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ENGLISH SUMMARY:

CJP founder Abhijit Dipke has questioned the central government's actions of deleting social media accounts and posts. He asked whether Narendra Modi could have progressed so much if strict controls existed during Manmohan Singh's tenure.