arrest

TOPICS COVERED

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചെന്നാരോപിച്ച് യുവാവിനെയും സുഹൃത്തിനെയും യുവാവിന്‍റെ പിതാവിനെയും നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു. കൊല്‍ക്കത്തയിലെ ബഹാലയിലുള്ള വസുന്ധര പാര്‍ക്കില്‍ ഞായറാഴ്ചയാണ് സംഭവം.

യുവാവ് തന്‍റെ സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ കാണാന്‍ പോയിരുന്നു. ഈ സമയത്ത് യുവാവ് പെൺകുട്ടിയെ ചുംബിക്കുന്നത് അതുവഴി വന്ന പെൺകുട്ടിയുടെ അമ്മാവന്‍റെ സുഹൃത്ത് കാണാനിടയായി. തുടര്‍ന്ന് ഇയാള്‍ സംഭവം പെണ്‍കുട്ടിയുടെ അമ്മാവനെയും പിതാവിനെയും അറിയിച്ചു. ഉടന്‍ തന്നെ ഇരുവരും ആളുകളെ കൂട്ടി സ്ഥലത്തെത്തുകയും യുവാക്കളെ തങ്ങളുടെ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചു. ശേഷം യുവാവിന്‍റെ പിതാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

വീട്ടിലെത്തിയ പിതാവിനെയും മര്‍ദിക്കുകയും തുടര്‍ന്ന് മൂന്നുപേരെയും തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തി നഗ്നരാക്കി നടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന്, നഗ്നരായ ഇവരെ വീടിന് മുന്നിലെ വഴിയിലൂടെ 50 മീറ്ററോളം നടത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, അമ്മയുടെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിങ്ങനെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

In a brutal vigilante incident in Behala's Vasundhara Park, Kolkata, a youth, his friend, and his father were stripped naked and paraded on the road for about 50 meters under gunpoint. The assault occurred on Sunday after the girl's uncle’s friend allegedly spotted the youth kissing a minor girl. The girl's father and uncle mobilized a mob, dragged the youth and his friend to their house, severely assaulted them, and summoned the youth's father to the location to beat him as well. Kolkata Police initiated an investigation after videos of the horrific ordeal went viral on social media and arrested three accused: the girl's father, her maternal uncle, and their friend.